'ഐ ലവ് മുഹമ്മദ്' പോസ്റ്റിട്ടതിന് ഏഴ് മാസത്തിനുശേഷം ജയിൽ മോചനം; നദീമിന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈകോടതി

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റിട്ട വിവാദത്തിൽ ഏഴുമാസം ജയിലിൽ കഴിഞ്ഞ മുസാഫർനഗർ സ്വദേശി നദീം എന്നയാൾക്ക് അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചു.ഹരജിക്കാരൻ ഏതെങ്കിലും ജാതിയുടെയോ സമുദായത്തിന്‍റെയോ പേര് പറഞ്ഞിട്ടില്ലെന്ന കാര്യം ജസ്റ്റിസ് രാജീവ് ലോചൻ ശുക്ല നിരീക്ഷിച്ചു.പോസ്റ്റിട്ടതിന് പിന്നാലെ ഇയാൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കഴിഞ്ഞ വർഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ അടുത്തെങ്ങും നടക്കാൻ പോകുന്നില്ലെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും ഹരജിക്കാരന്‍റെ അഭിഭാഷകൻ ബോധിപ്പിച്ചു.എന്നാൽ, വിവാദ പോസ്റ്റ് ഗൗരവത്തോടെ കാണേണ്ടതാണെന്നും, ഇത്തരമൊരു മുദ്രാവാക്യമാണ് ബറേലി ജില്ലയിൽ വസ്തുവകകൾക്ക് നാശനഷ്‍ടം വരുത്തിയ വ്യാപകമായ ആക്രമണങ്ങൾക്ക് ഇടയാക്കിയതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

ഇത്തരം മുദ്രാവാക്യങ്ങൾ സാമൂഹിക വിരുദ്ധർ ഏറ്റെടുക്കുന്നതോടെ ക്രമസമാധാന നില തകരുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണ വേളയിൽ ശേഖരിച്ച വസ്തുതകളും ഹരജിക്കാരൻ 2025 ഒക്‌ടോബർ 17 മുതൽ ജയിലിൽ ആണെന്ന കാര്യവും, അയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന കാര്യവും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വിശദീകരിച്ചു. 

Tags:    
News Summary - Released from jail seven months after posting 'I Love Muhammad'; Allahabad High Court grants bail to Nadeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.