മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി സന്ദർശനത്തിന് പിന്നാലെ ബിജെപി അനുകൂലികൾ നടത്തിയ 'ശുദ്ധീകരണ ഹവനം' വിവാദത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് പാർട്ടിക്കുള്ളിലെ തന്റെ വ്യക്തിപരമായ വേദനയും അതൃപ്തിയും ഖാർഗെ തുറന്നുപറഞ്ഞത്.
താൻ സന്ദർശിച്ച വേദി 'ശുദ്ധീകരിക്കാൻ' നടത്തിയ ചടങ്ങിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ പല മുതിർന്ന നേതാക്കളും പരസ്യമായി പ്രതികരിക്കുകയോ അപലപിക്കുകയോ ചെയ്തില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി. പ്രത്യേകിച്ചും, മാധ്യമങ്ങളിൽ നിരന്തരം മുഖം കാണിക്കുന്ന നേതാക്കൾ പോലും ഈ വിഷയത്തിൽ മൗനം പാലിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ആരുടെയും പേരെടുത്തു പറയാതെ അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. താൻ ദലിതനായതുകൊണ്ട് ആരും രക്ഷിക്കാൻ വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ആ സംഭവം തന്നെ കടുത്ത രീതിയിൽ അപമാനിച്ചുവെന്നും ഖാർഗെ യോഗത്തിൽ ഓർമിപ്പിച്ചു.
സംഭവം പാർട്ടി ഗൗരവമായി എടുത്തിട്ടുണ്ടെന്നും ബിജെപിയുടെ ജാതീയ മനോഭാവത്തെ അപലപിച്ചുകൊണ്ട് പാർട്ടി പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിൽ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഖാർഗെ പൂർണമായും തൃപ്തനായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ചില നേതാക്കൾ പാർട്ടി ലൈനിന് വിരുദ്ധമായി ലേഖനങ്ങൾ എഴുതുന്നതും പരസ്യ പ്രസ്താവനകൾ നടത്തുന്നതും പതിവാണെന്നും ഖാർഗെ യോഗത്തിൽ വിമർശിച്ചു.
ഹൽദ്വാനിയിലെ സംഭവത്തെ അപലപിച്ചുകൊണ്ട് പിന്നീട് മാധ്യമങ്ങളെ കണ്ട കെ.സി. വേണുഗോപാലും വിഷയം വിശദീകരിച്ചു. രാജ്യത്തെ വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങൾ, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്ന വിഷയത്തിൽ പ്രമേയം പാസാക്കുന്നതിലും യോഗത്തിൽ ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.