ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ജൂലൈ 13 ന് പരിഗണിക്കും. സംഭവത്തിൽ അറസ്റ്റിലായ എട്ട് പ്രതികളെ പ്രാദേശിക കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആർ.ജെ.ഡി എം.പി സുധാകർ സിങ്ങിന്‍റെ ഹരജിയിലെ ആവശ്യം. ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ഫൊറൻസിക് ഓഡിറ്റ് വേണമെന്നും ആവശ്യമുണ്ട്. തിങ്കളാഴ്ച കോടതി ചേരുമ്പോൾ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട മൂന്ന ഹരജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചിയും വി. മോഹനയും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുകയെന്ന് സുപ്രീംകോടതി വെബ്‌സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹരജിക്കാരിൽ ഒരാളായ നരേന്ദ്ര കുമാർ ഗോസ്വാമിയുടെ ആവശ്യം.
ക്ഷേത്രകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന്‍റെ സാമ്പത്തികകാര്യങ്ങൾ സി.എ.ജി ഓഡിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യങ്ങളാണ് അഭിഭാഷകരായ അജയ് കുമാർ റായിയുടെയും, ദിനേശ് കുമാർ യാദവിന്‍റെയും ഹരജികളിൽ ഉന്നയിക്കുന്നത്. കോടിക്കണക്കിന് ഭക്തജനങ്ങളുടെയും വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ട്രസ്റ്റിന്‍റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം വേണം. അതിനായി കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാറിനും നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
രാമക്ഷേത്രക്കൊള്ളയിലെ കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും ശബ്ദമുയർത്തണമെന്നും ആം ആദ്മി പാർട്ടി. അതിനായി പാർട്ടിയുടെ ദേശവ്യാപകമായ ഒപ്പുശേഖരണ പരിപാടി കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. അയോധ്യയിലെ കൊള്ളക്ക് ഉത്തരവാദികളായവരെ കേന്ദ്രം സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവർക്ക് ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സനാതന മൂല്യങ്ങളെ അനുഗമിക്കുന്ന ഓരോരുത്തരുടെയും കടമയാണ്.
ഈ ആവശ്യവുമായി പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തിൽ രാജ്യത്തെ ഓരോ പൗരനും ഒപ്പുവെക്കണമെന്നാണ് ആഹ്വാനം. ഒപ്പുശേഖരണ യജ്ഞത്തിന് ഞായറാഴ്ച സുന്ദരഖാണ്ഡ പാരായണത്തോടെ തുടക്കം കുറിക്കും. ഈ യജ്ഞത്തിൽ വൻ തോതിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അയോധ്യയിൽ നടന്ന കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെയാണ് ഒപ്പുശേഖരണ ദൗത്യവുമായി ആപ് രംഗത്തെത്തിയത്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച അന്വേഷണ സംഘം, സംഭാവന എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന എട്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.