ന്യൂഡൽഹി: 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ ഇ-20 ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറക്കുമെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഇക്കാര്യം അംഗീകരിച്ചത്.
ചില വാഹനങ്ങളിൽ ഇന്ധനക്ഷമത മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറയാൻ ഇടയുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിെന്റ വിലയിരുത്തൽ. അതേസമയം, ഇ-20 ഇന്ധനത്തിെന്റ മറ്റ് നേട്ടങ്ങൾ പരിഗണിക്കുമ്പോൾ മൈലേജ് കുറവ് നിസ്സാരമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവായതിനാല്‍ വാഹനങ്ങളുടെ ശരാശരി മൈലേജിനെ ബാധിക്കുമെന്നാണ് കരുതുന്നതെന്ന് കഴിഞ്ഞ ദിവസം ‘ഇന്ത്യൻ എക്സ്പ്രസി’ന് അനുവദിച്ച അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞിരുന്നു. അതേസമയം, മൈലേജ് വാഹനം ഓടുന്ന സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണെന്ന ന്യായവാദവും ഗഡ്കരി നിരത്തി.
20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നതുമൂലം നിരവധി വാഹനങ്ങളുടെ എൻജിനുകൾ തകരാറിലാകുന്നുവെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ നിതിൻ ഗഡ്കരി ചോദ്യം ചെയ്തു. പഴയ വാഹനങ്ങളിൽ പെട്രോളിൽ എഥനോൾ കലർത്തുന്നത് ചെറിയ ചില ഭാഗങ്ങൾക്ക് തകരാറുകളുണ്ടാക്കാമെന്ന് മന്ത്രി അഭിമുഖത്തിൽ സമ്മതിച്ചു. എന്നാൽ, അതിന് പരിഹാരമായി ലോഹം കൊണ്ടുള്ള വാഷറുകൾ മാറ്റി റബർ വാഷറുകൾ സൗജന്യമായി വെച്ചുകൊടുക്കണമെന്ന് വാഹന നിർമാതാക്കളോട് നിഷ്‍കർഷിച്ചിട്ടുണ്ട്.
ഇ-20 ഇന്ധനത്തിെന്റ വേഗത്തിലുള്ള ജ്വലനം, സുഗമമായ ആക്സിലറേഷൻ, കുറഞ്ഞ കാർബൺ പുറന്തള്ളൽ തുടങ്ങിയ നേട്ടങ്ങൾ മൈലേജ് കുറവിനെ മറികടക്കുന്നതാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പരമ്പരാഗത പെട്രോൾ, ഇ10, ഇ20 എന്നിങ്ങനെ വിവിധ ഇന്ധന ഗ്രേഡുകൾ പെട്രോൾ പമ്പുകളിൽ ലഭ്യമാക്കണമെന്ന ആവശ്യവും ചെലവ് വർധിക്കുമെന്ന് പറഞ്ഞ് മന്ത്രാലയം തള്ളി.
ന്യൂഡൽഹി: പരമ്പരാഗത പെട്രോളിനേക്കാൾ ഇ20 വിലകുറഞ്ഞതാകണമെന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചിപ്പിച്ചു. കർഷകർക്ക് മതിയായ പ്രതിഫലം ഉറപ്പാക്കുന്നതിനായി എഥനോൾ സംഭരണ വില നിശ്ചയിച്ചിരിക്കുന്നതിനാൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില താഴ്ന്നുനിൽക്കുന്ന സമയങ്ങളിൽ എഥനോളിന്റെ വില കൂടുതലാകാൻ സാധ്യതയുണ്ട്. പമ്പ് വില കുറക്കുകയല്ല പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ഇന്ത്യയുടെ ഇറക്കുമതി ക്രൂഡ് ഓയിലിനോടുള്ള ആശ്രിതത്വം കുറക്കുക, വിലസ്ഥിരത മെച്ചപ്പെടുത്തുക, ഊർജസുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.