പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും

‘ആസ്ട്രേലിയ ഞങ്ങളുടേത്’ -മോദിയുടെ സന്ദർശനത്തിനിടെ ഹോട്ടലിൽ പ്രതിഷേധവുമായി കുടിയേറ്റവിരുദ്ധ പ്രവർത്തകൻ

മെൽബൺ: ആസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിൽ കയറിയ 22-കാരനായ കുടിയേറ്റവിരുദ്ധ പ്രവർത്തകൻ മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്ന് ഇന്ത്യക്കാരെയും കുടിയേറ്റത്തെയും വിമർശിച്ച് മുദ്രാവാക്യം മുഴക്കി.

‘ഇത് ആസ്ട്രേലിയയാണ്. ഇനി ഇവിടെ ഇന്ത്യക്കാർ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം. ഈ രാജ്യം ആസ്ട്രേലിയക്കാർക്കുള്ളതാണ്’ എന്നായിരുന്നു ഇയാളുടെ ആക്രോശം. മോദി ഹോട്ടൽ ലോബിയിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റി.

സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷയെ ചൊല്ലി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കർശന സുരക്ഷാ ക്രമീകരണങ്ങൾ നിലനിന്നിരുന്നിട്ടും പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിൽ ഇയാൾ എങ്ങനെ പ്രവേശിച്ചു, താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിൽ ആസ്ട്രേലിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇതിന് മുമ്പും മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജർക്കായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ ഇയാൾ പ്രതിഷേധിക്കാൻ ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിപാടിയിൽ കടന്നുകയറി തടസ്സം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

കുടിയേറ്റവിരുദ്ധ പ്രവർത്തകനായ ഹ്യൂഗോ ലെനനാണ് മോദിക്കെതിരെ പ്രതിഷേധിച്ചത്. ഇയാൾ തീവ്ര വലതുപക്ഷവും നവ-നാസി ആശയവുമായി ബന്ധമുള്ള വ്യക്തിയാണ്. കഴിഞ്ഞ വർഷം ആസ്ട്രേലിയയിൽ നടന്ന വലിയ കുടിയേറ്റവിരുദ്ധ റാലിയായ ‘മാർച്ച് ഫോർ ആസ്ട്രേലിയ’യുടെ സംഘാടകരിൽ ഒരാളായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയും ആസ്ട്രേലിയയുമായി വ്യാപാരം, വിദ്യാഭ്യാസം, പ്രതിരോധം, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടുവരുന്ന അവസാരത്തിലാണ് മോദിക്കെതിരെ പ്രതിഷേധം ഉയർന്നത്. ആസ്ട്രേലിയയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹവുമാണ് ഇന്ത്യൻ വംശജർ.

സന്ദർശനത്തിന്റെ ഭാഗമായി മൂന്ന് ദിവസം (ജൂലൈ 8–10) നരേന്ദ്ര മോദി ആസ്ട്രേലിയയിൽ ഉണ്ടായിരുന്നു. ആസ്ട്രേലിയ–ഇന്ത്യ വാർഷിക നേതൃസമ്മേളനം, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായുള്ള ഉഭയകക്ഷി ചർച്ച, ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സ്വീകരണ പരിപാടി (മെൽബൺ മീറ്റ്സ് മോദി) തുടങ്ങിയ പരിപാടികളിലാണ് മോദി പ​ങ്കെടുത്തത്.

Tags:    
News Summary - Protest against Modi in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.