ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദർശിച്ച് വിദേശ സംഭാവന നിയമവുമായി(എഫ്.സി.ആർ.എ) ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ച കാത്തലിക ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ചർച്ച കഴിഞ്ഞിറങ്ങിയപ്പോൾ ഭാവി പരിപാടികൾ സംബന്ധിച്ച് ആശയക്കുഴപ്പത്തിൽ. ആഭ്യന്തര സെക്രട്ടറി അടക്കം മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും കൂട്ടിയായിരുന്നു അമിത് ഷാ കത്തോലിക്കാ നേതാക്കളുമായുള്ള ചർച്ചക്ക് എത്തിയത്. അമിത്ഷായുമായി രണ്ടാം വട്ട ചർച്ച നടത്തുമോ എന്ന ചോദ്യത്തിന്, ആഭ്യന്തര മന്ത്രി വ്യക്തത വരുത്തിയ സാഹചര്യത്തിൽ അടുത്ത കൂടിക്കാഴ്ചയെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ വരാമെന്ന് അമിത് ഷാ പറഞ്ഞുവെന്നും സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യൂ കോയിക്കൽ മറുപടി നൽകി.
എഫ്.സി.ആർ.എ സംബന്ധിച്ച് സി.ബി.സി.ഐക്ക് ഒരു തരത്തിലുള്ള ആശങ്കയും ഇനി ബാക്കിയില്ലല്ലോ എന്ന ചോദ്യത്തിന്, ആശങ്കയില്ല എന്ന് പറയാനാവില്ലെന്നും അവയെല്ലാം ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായാതിനാൽ അദ്ദേഹം പറഞ്ഞതിൽ ബിഷപ്പുമാർക്ക് വിശ്വാസമുണ്ട്. ആശങ്കകൾ നിവാരണം ചെയ്യുമെന്നാണ് അമിത് ഷാ പറയുന്നത്. കോൺഗ്രസ് കൊണ്ടുവന്ന നിയമമാണ് ഇന്ന് പ്രശ്നമായിരിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്. അന്ന് തങ്ങളാരും പഠിച്ചിട്ടില്ലായിരുന്നു. അന്നത് ശ്രദ്ധിക്കാതിരുന്നത് തങ്ങൾക്ക് പറ്റിയ അപകടവും വീഴ്ചയുമാണെന്ന് സമ്മതിച്ചേ പറ്റൂ എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. നിയമങ്ങളുണ്ടാക്കുകയും ബില്ലുകൾ അവതരിപ്പിക്കലും സർക്കാറിന്റെ അവകാശമാണ്.
പുതുതായി വിജ്ഞാപനം ചെയ്ത എഫ്.സി.ആർ.എ ഭേദഗതി ചട്ടങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ സി.ബി.സി.ഐ സംഘം കണ്ടത്. ചട്ടങ്ങളിൽ പോരായ്‍മകൾ പലതുണ്ടെന്നും അവ മാറ്റി ഭേദഗതി ബിൽ പുതുക്കി എഴുതണമെന്നുമാണ് അമിത് ഷാക്ക് നൽകിയ നിവേദനത്തിൽ സി.ബി.സി.ഐ അഭ്യർഥിച്ചത്. രാജ്യത്തെ വലിയൊരു ജനവിഭാഗം അതിജീവനത്തിനും ഉപജീവനത്തിനും ആശ്രയിക്കുന്ന സംഘടനകളെ പ്രതികൂലമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് നിവേദനം ചൂണ്ടിക്കാട്ടി.
ആസ്തികളുടെ കാര്യത്തിൽ ബില്ലിൽ നിർദേശിക്കുന്ന അതോറിറ്റി ഹൈകോടതിയുടെ നിയമാധികാരത്തിൽ സ്വതന്ത്രമായും നിഷ്പക്ഷമായും സ്വാഭാവിക നീതിക്ക് ചേരുന്ന വിധത്തിലും പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഓഫീസർ ആയിരിക്കണമെന്ന നിർദേശം നിവേദനം മുന്നോട്ടുവെക്കുന്നു. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അവ ചെറുതും വലുതുമെന്ന് തരംതിരിച്ച് കാണണം. സാങ്കേതികമായ ലംഘനങ്ങൾ നിസ്സാരമായി കാണണം. അവ രജിസ്ട്രേഷൻ റദ്ദാക്കുകയോ ആസ്തികൾ പിടിച്ചെടുക്കുകയോ പോലുള്ള വലിയ നടപടികൾക്ക് കാരണമാക്കരുതെന്നും സി.ബി.സി.ഐ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.