അതിരാവിലെയുള്ള സിനിമകളുടെ പ്രദർശനങ്ങൾ നിയന്ത്രിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി

ഹൈദരാബാദ്: അതിരാവിലെയുള്ള സിനിമകളുടെ പ്രദർശനങ്ങൾ നിയന്ത്രിക്കണമെന്ന് തെലങ്കാന സർക്കാറിനോട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവാണ് ഹൈകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി പത്തിനാണ് ഉത്തരവ്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയുള്ള പ്രത്യേക പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.

കാഞ്ചൻബാഗിൽ നിന്നുള്ള ജി.ഭരത് രാജ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നിർദേശം. പുതിയ തെലുങ്ക് ചിത്രമായ ഗെയിം ചേഞ്ചറിന് പുലർച്ചെ നാല് മണിക്ക് പ്രദർശനം അനുവദിച്ച തെലങ്കാന സർക്കാറിന്റെ നടപടിയും ഹൈകോടതി ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഹൈകോടതി നിരീക്ഷിച്ചു.

പുലർച്ചെ നാല് മണിക്ക് ആളുകൾ കിടന്നുറങ്ങേണ്ട സമയമാണ്. ആ സമയത്തല്ല, സിനിമകൾക്ക് പോകേണ്ടത്. കുട്ടികൾ ഉൾപ്പടെ ഈ സമയത്ത് പ്രത്യേക പ്രദർശനങ്ങൾക്കായി പോകുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി. സിനിമകൾക്ക് അതിരാവിലെ പ്രദർശാനുമതി നൽകിയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഹൈകോടതി വ്യക്തമാക്കി. ജനുവരി 24നായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.

ഡിസംബർ നാലിന് അല്ലു അർജുൻ നായകനായ പുഷ്പ-2ന്റെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചിരുന്നു. മരിച്ച യുവതിയുടെ ശീജേഷ് എന്ന ഒമ്പത് വയസുള്ള മകനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - Refrain from early morning movie screenings: HC to Telangana govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.