ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനയുടെ ആഘാതം മറികടക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ റിഫൈനറികൾക്ക് നൽകുന്നത് ഇറക്കുമതിച്ചെലവിനേക്കാൾ കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിൽനിന്ന് 100 ഡോളറിലേറെയായി വർധിച്ചിട്ടും രാജ്യത്ത് റീട്ടെയിൽ വില വർധിപ്പിച്ചിട്ടില്ല. എണ്ണക്കമ്പനികൾ ഇതുവഴി സഹിക്കുന്ന നഷ്ടത്തിന്റെ ആഘാതം കുറക്കാനാണ് മാർച്ച് 26 മുതൽ റിഫൈനറി ട്രാൻസ്ഫർ പ്രൈസിൽ (റിഫൈനറികൾ വിപണന വിഭാഗങ്ങൾക്ക് ഇന്ധനം വിൽക്കുന്ന വില) കുറവ് വരുത്തിയത്.
ഇന്ധന വില നിയന്ത്രണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാർ ഒഴിവായ ശേഷം ഇത്തരമൊരു നടപടി ആദ്യമായാണ്. ഉൽപാദിപ്പിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഭൂരിഭാഗവും മൂന്ന് പൊതുമേഖല എണ്ണക്കമ്പനികൾക്ക് നൽകുന്ന എം.ആർ.പി.എൽ, സി.പി.സി.എൽ, എച്ച്.എം.ഇ.എൽ എന്നിവക്ക് കനത്ത ആഘാതമാണ് തീരുമാനം. നയാര എനർജി, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ സ്വകാര്യ റിഫൈനറികൾക്കും കിഴിവ് ബാധകമാക്കിയാൽ അവയും പ്രതിസന്ധിയിലാകും.
ഏപ്രിൽ ഒന്നിന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച് ചില്ലറ വിൽപനയിൽ പെട്രോൾ ലിറ്ററിന് 24.40 രൂപയും ഡീസൽ 104.99 രൂപയും എണ്ണക്കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നു. എൽ.പി.ജിയിൽ നിന്ന് വ്യത്യസ്തമായി വാഹന ഇന്ധനങ്ങളിലെ നഷ്ടത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റീട്ടെയിൽ എണ്ണ വില കുത്തനെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.