ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന അന്വേഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കാൺപൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത ഡോ. മുഹമ്മദ് ആരിഫ് ജോലിയിലും പഠനത്തിലും കൃത്യനിഷ്ഠ പാലിച്ചിരുന്ന മെഡിക്കൽ വിദ്യാർഥിയാണെന്ന് ഗണേശ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളജ് അധ്യാപകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എമർജൻസി വാർഡിലെ ജോലിയും ഒ.പി.ഡിയിലെ ജോലിയും ഇയാൾക്ക് നൽകാറുണ്ടായിരുന്നുവെന്ന് എൽ.പി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി ഡോ. എ.കെ ശർമ പറഞ്ഞു. മൂന്നുവർഷ കോഴ്സിന് ചേർന്ന ആരിഫിന്റെ പെരുമാറ്റത്തിൽ സംശയകരമായി യാതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. കാൺപൂരിനടുത്താണ് വാടക മുറിയിൽ താമസിച്ചിരുന്നത്.
കശ്മീർ സ്വദേശിയായ ഇയാളുടെ പിതാവിന്റെ പേര് ഗുലാം ഹസൻ മീർ എന്നാണ്. കാർഡിയോളജി രംഗത്തെ പ്രഗൽഭ സ്ഥാപനമെന്ന നിലക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇവിടെ പതിവായി പഠിക്കാനെത്തുന്നുണ്ട്. ആരിഫിനെ പിടികൂടിയ അന്വേഷണ സംഘം ഇയാൾ വാടകക്ക് താമസിച്ച മുറിയിൽ തിരച്ചിൽ നടത്തി മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനക്കയക്കും. ഡൽഹിയിലെത്തിച്ച് സ്ഫോടന കേസിൽ അറസ്റ്റിലായവരോടൊപ്പം ആരിഫിനെ ചോദ്യം ചെയ്യാനാണ് എ.ടി.എസിന്റെ നീക്കം. ജി.എസ്.വി.എമ്മിലെ മുൻ പ്രഫസർ ഡോ. ഷഹീൻ ഷഹീദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരിഫിനെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവർ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് ദേശീയ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അക്രഡിറ്റേഷൻ പുതുക്കുന്നതിൽ വീഴ്ച വരുത്തിയ സർവകലാശാല ഇപ്പോഴും അത് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
സർവകലാശാലയുടെ ഭാഗമായ അൽ ഫലാഹ് സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി അക്രഡിറ്റേഷൻ സ്റ്റാറ്റസിന്റെ കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നും നേരത്തെ നൽകിയ അക്രഡിറ്റേഷൻ അസാധുവായി പ്രഖ്യാപിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. 2013 ലാണ് ‘ബി’ ഗ്രേഡിൽ സർവകലാശാലക്ക് അക്രഡിറ്റേഷൻ നൽകിയത്. അടുത്ത കാലയളവിലേക്ക് അത് പുതുക്കി നൽകാൻ സെൽഫ് സ്റ്റഡി റിപ്പോർട്ടും ക്വാളിറ്റി അസസ്മെന്റിനുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഫർമേഷനും 2018ന് മുമ്പ് സമർപ്പിക്കേണ്ടതായിരുന്നു. ആവർത്തിച്ച് അറിയിപ്പ് നൽകിയിട്ടും സർവകലാശാല ഇത് സമർപ്പിച്ചില്ലെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ.മുസഫറിനെതിരെ ‘റെഡ് കോർണർ നോട്ടീസ്’ പുറപ്പെടുവിക്കാൻ ജമ്മു-കശ്മീർ പൊലീസ് ഇന്റർപോളിനെ സമീപിച്ചു. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.അദീലിന്റെ സഹോദരനാണ് മുസഫർ. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് മുസഫറിന്റെ പേര് പുറത്തുവന്നത്. മുസമ്മിൽ ഗനായി, സ്ഫോടനത്തിനുപയോഗിച്ച കാറോടിച്ച ഉമർ നബി എന്നിവരുൾപ്പെട്ട സംഘത്തിനൊപ്പം മുസാഫിർ 2021ൽ തുർക്കിയ സന്ദർശിച്ചതായാണ് വിവരം.
ആഗസ്റ്റിൽ മുസഫർ ദുബൈയിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായി. ഇപ്പോഴുള്ളത് അഫ്ഗാനിസ്താനിലാണെന്ന് കരുതുന്നു. തങ്ങളുടെ രാജ്യം ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന വാദം കഴിഞ്ഞദിവസം തുർക്കിയ നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.