ന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കും. രാജ്യത്തെ നടുക്കിയ സംഭവത്തിന് പിന്നിൽ ചാവേർ ആക്രമണ സാധ്യത തള്ളാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ മുതിർന്ന എൻ.ഐ.ഐ ഉദ്യോഗസ്ഥരടക്കമുള്ളവർ സംഭവ സ്ഥലത്തെത്തിയിരുന്നു.
സ്ഫോടനത്തിൽ 12 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുപ്പതിലേറെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. ഇവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവം ചർച്ചചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻ.ഐ.എ ഡി.ജി സദാനന്ദ് വസന്ത് ദത്തേ എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. സംഭവത്തിൽ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എച്ച്.ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് നിറുത്തിയിട്ടിരുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്ഫോടന സമയത്ത് കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘവുമായി ബന്ധമുള്ള ഡോ. മുഹമ്മദാണെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും.
അതേസമയം, ഡൽഹി സ്ഫോടനത്തെപ്പറ്റി ഇപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ഡി.സി.പി രാജ ഭാണ്ടിയ ഐ.പി.എസ് പറഞ്ഞു. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകൾ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരവും ബി.എൻ.എസ് വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നോർത്ത് ഡി.സി.പി രാജ ബാൻഡിയ അറിയിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി. ചെങ്കോട്ട മെട്രോ സ്റ്റേഷൻ അടച്ചു.
മൂന്നുദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകരെ അനുവദിക്കില്ല. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തും. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും അധിക പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിച്ചാണ് കടത്തിവിടുന്നത്. പരിശോധനക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച സ്വദേശത്ത് എത്തിച്ചു. ലോകേഷ് അഗർവാളിന്റെ മൃതദേഹമാണ് യു.പി അമ്രോഹയിലെ വസതിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.