ഡൽഹി സ്ഫോടനം: ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ശാന്തത പാലിക്കാനും ഊഹാപോഹങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

പരിക്കേറ്റവരെ പ്രവേശിപ്പിച്ച എൽ.എൻ.ജെ.പി ആശുപത്രി ഡൽഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദിനൊപ്പം മുഖ്യമന്ത്രി സന്ദർശിച്ചു. ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

സ്ഫോടനമുണ്ടായ വെള്ള ഹ്യൂണ്ടായി ഐ20 കാറിന്‍റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മൂന്ന് മണിക്കൂറോളം വാഹനം മേഖലയിൽ കറങ്ങി നടന്നതായാണ് റിപ്പോർട്ട്. തുടർന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിച്ചത്.

ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ കാർ എത്തി. മൂന്ന് മണിക്കൂറോളം കാർ ഇവിടെ ഉണ്ടായിരുന്നു. വൈകീട്ട് 6.48ഓടെ കാർ പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കിറങ്ങി. കാറിന്റെ ആദ്യ ഉടമയെ പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഒഖ്‍ലയിലുള്ള ദേവേന്ദ്ര എന്നയാൾക്ക് കാർ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്ട്രേഷനാണുണ്ടായിരുന്നത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Tags:    
News Summary - Red Fort blast: Delhi CM Rekha Gupta appeals to people to avoid rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.