വ്യാഴാഴ്ചവരെ നിരോധനാജ്ഞ, കനത്ത സുരക്ഷയിൽ നഗരം

ബംഗളൂരു: ദിവസങ്ങൾനീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് കർണാടകയിലെ സഖ്യസർക്കാർ പടിയിറങ്ങുമ്പോൾ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാകുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എന്തുനടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സഖ്യസർക്കാറുകൾ വാഴാത്ത കർണാടക എന്ന ചരിത്രം കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും ആവർത്തിച്ചിരിക്കുകയാണ്. സഖ്യത്തെ വീഴ്ത്താൻ ബി.ജെ.പി തുടക്കംമുതൽ നടത്തിയ നീക്കങ്ങൾ ഏറ്റവും ഒടുവിൽ പ്രതീക്ഷിച്ച ക്ലൈമാക്സ് തന്നെ നടന്നു. വിമതന്മാർ അടുക്കില്ലെന്ന് വ്യക്തമായതോടെ സർക്കാറി​െൻറ നാളുകൾ എണ്ണപ്പെട്ടുവെന്ന് തീർച്ചപ്പെടുത്തിയതാണ്. എന്നാൽ, അത് എപ്പോഴാണെന്നകാര്യത്തിൽ മാത്രമായിരുന്നു അനിശ്ചിതത്വം. ആ അനിശ്ചിതത്വത്തിനാണ് ഇപ്പോൾ തിരശ്ശീല വീണത്.

സഖ്യസർക്കാറിലെ എം.എൽ.എമാരുടെ അതൃപ്തി പരമാവധി ചൂഷണംചെയ്ത് സർക്കാറിനെ ഭരിക്കാൻ അനുവദിക്കാതെ പുകച്ചു പുകച്ച് ഒടുവിൽ കൂട്ടരാജിയിലൂടെ സർക്കാറി​െൻറ പതനം ഉറപ്പാക്കുകയായിരുന്നു ബി.ജെ.പി. 2018 ​േമയ് 23ന് രാജ്യത്തെ പ്രതിപക്ഷത്തി​െൻറ ഐക്യകാഹളമായി അധികാരത്തിലേറിയ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ 14 മാസം തികക്കുന്ന ജൂലൈ 23നാണ് താഴെ വീണത്. സഖ്യസർക്കാറി​െൻറ നേട്ടങ്ങൾ വിശദമാക്കിയാണ് എച്ച്.ഡി. കുമാരസ്വാമി ചൊവ്വാഴ്ച വൈകീട്ട് വിടവാങ്ങൽ പ്രസംഗം നടത്തിയത്. സാധാരണയായി പല ഘട്ടത്തിൽ വൈകാരികപ്രസംഗം നടത്താറുള്ള കുമാരസ്വാമി ആത്മവിശ്വാസത്തോടെയാണ് അരമണിക്കൂറിലധികം നീണ്ട ദീർഘപ്രസംഗം സഭയിൽ ചൊവ്വാഴ്ച നടത്തിയത്. അതൃപ്തരായ എം.എൽ.എമാർ ഉന്നയിച്ചിരുന്ന ഒാരോ ആരോപണത്തിനും മറുപടി നൽകിക്കൊണ്ടാണ് ഒടുവിലായി അദ്ദേഹം വിശ്വാസവോട്ടെടുപ്പിലേക്ക് കടക്കുന്നതും വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെടുന്നതും.

വിടവാങ്ങൽ ഉറപ്പിച്ചുകൊണ്ടായിരുന്നു കുമാരസ്വാമി വൈകുന്നേരംവരെ സഭയിൽനിന്ന്​ വിട്ടുനിന്നത് എന്നുവേണം കരുതാൻ. സഖ്യത്തിലെ അതൃപ്തി ബി.ജെ.പിക്ക് വളമായപ്പോൾ അവിടെ കോൺഗ്രസിനും ജെ.ഡി.എസിനും അടിപതറി. രമേശ് ജാർക്കിഹോളിയിലൂടെ വളർന്ന വിമതനീക്കം ഒരു ഘട്ടത്തിൽപോലും കോൺഗ്രസിനോ ജെ.ഡി.എസിനോ പിടിച്ചുകെട്ടാനായിരുന്നില്ല. ഇരു പാർട്ടികളിലെയും പ്രമുഖ നേതാക്കളെപോലും ബി.ജെ.പി വശത്താക്കി. നിയമസഭ സമ്മേളനം ആരംഭിച്ച ജൂലൈ 12 മുതൽ ചൊവ്വാഴ്ചവരെ നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കാണ് ഇതോടെ പര്യവസാനമാകുന്നത്. ഇനി വിമതർക്കെതിരായ അച്ചടക്കനടപടിക്കും അധികാരത്തിലേറുന്നതിനായി ബി.ജെ.പി നടത്തുന്ന നീക്കത്തിനുമാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. സഖ്യസർക്കാറി​െൻറ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പിലേക്ക് കടന്നത്. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരു നഗരത്തിൽ 48 മണിക്കൂറിലേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമുതൽ അടുത്ത 48 മണിക്കൂർ നേരം ആളുകൾ കൂട്ടംകൂടുകയോ ആയുധങ്ങളുമായി നടക്കുകയോ ചെയ്താൽ അറസ്​റ്റ് ചെയ്യുമെന്ന് പൊലീസ്.

അടുത്ത 48 മണിക്കൂറിലേക്ക് നഗരത്തിലെ മദ്യശാലകൾ അടച്ചിടാനും നിർദേശം. നിരോധനാജ്ഞയെ തുടർന്ന് നഗരത്തിൽ സുരക്ഷ കർശനമാക്കി. പാർട്ടി ഒാഫിസുകളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. വിധാൻസൗധയിലും പൊലീസ് പട ക്യാമ്പ് ചെയ്യുകയാണ്. ജൂലൈ 25വരെ പബുകളും മദ്യശാലകളും അടച്ചിടണമെന്നും നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും സിറ്റി പൊലീസ് കമീഷണർ അലോക് കുമാർ അറിയിച്ചു. സർക്കാറി​െൻറ പതനം കർണാടകയിൽ കോൺഗ്രസിനും ജെ.ഡി.എസിനും തിരിച്ചടിയാകുമെങ്കിലും ബി.ജെ.പിയുടെ നീക്കം എടുത്തുകാണിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കോൺഗ്രസിന് ദേശീയ തലത്തിൽതന്നെ ക്ഷീണം ചെയ്യും.

Tags:    
News Summary - ready to resign says HD Kumaraswami -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.