റിപോ നിരക്ക് വീണ്ടും കൂട്ടി ആർ.ബി.ഐ: ഭവന, വാഹന, വ്യക്തിഗത വായ്പ പലിശനിരക്ക് വർധിക്കും

മുംബൈ: ബാങ്കുകൾ നൽകുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വീണ്ടും വർധിക്കും. വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപോ നിരക്ക് 50 ബേസിസ് പോയന്റ് ഉയർത്താൻ ബുധനാഴ്ച ചേർന്ന ആർ.ബി.ഐ പണനയ അവലോകന സമിതി യോഗം തീരുമാനിച്ച സാഹചര്യത്തിലാണിത്. 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായാണു പലിശനിരക്ക് കൂട്ടിയത്. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി റിസർവ് ബാങ്ക് രംഗത്തെത്തുന്നത്. അഞ്ചാഴ്ചക്കിടയിൽ രണ്ടാം തവണയാണ് പലിശനിരക്ക് കൂട്ടുന്നത്. 50 ബേസിസ് പോയന്റ് (അര ശതമാനം) ഒറ്റയടിക്ക് വർധിപ്പിക്കുന്നത് പത്തു വർഷത്തിനുശേഷമാണ്. കഴിഞ്ഞമാസം 40 ബേസിസ് പോയന്റാണ് കൂട്ടിയത്. നടപ്പ് സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം 5.7ൽ നിന്ന് 6.7 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. അതോടെ ആഗസ്റ്റിൽ നടക്കുന്ന അടുത്ത യോഗത്തിൽ പലിശനിരക്ക് വീണ്ടും കൂട്ടാൻ സാധ്യതയേറി. അതേസമയം, സാമ്പത്തിക വളർച്ച അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തി. സമ്പദ് വ്യവസ്ഥക്ക് ഉണര്‍വു നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നടപടികളും ആർ.ബി.ഐ പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകൾ നൽകുന്ന ഭവന വായ്പകളുടെ പരിധി ഇരട്ടിയാക്കി. ഭവനനിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണു തീരുമാനം. പരിധി 100 ശതമാനത്തിലും അധികമാണ് ഉയർത്തിയത്. കൂടാതെ ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് റിയൽ എസ്റ്റേറ്റ്, റസിഡൻഷ്യൽ ഹൗസിങ് പ്രോജക്ടുകൾക്ക് ധനസഹായം നൽകാൻ അനുമതി നൽകി. അർബൻ സഹകരണ ബാങ്കുകൾക്ക് ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ നൽകാനും അനുമതി നൽകിയിട്ടുണ്ട്.

അധിക പണം ഏറ്റെടുക്കാനുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്ക് 4.65 ശതമാനമായും ബാങ്കുകൾക്ക് അതിവേഗം പണം ലഭിക്കാനുള്ള മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) നിരക്ക് 5.15 ശതമാനമായും പരിഷ്കരിച്ചു.

യുക്രെയ‍്ൻ-റഷ്യ യുദ്ധത്തെത്തുടർന്നുള്ള പണപ്പെരുപ്പ ഭീഷണി നേരിടാൻ റിസർവ് ബാങ്ക് മേയിൽ റിപോ നിരക്ക് 0.4 ശതമാനം വർധിപ്പിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടിയിരുന്നു. 2018 ആഗസ്റ്റിനു ശേഷം ഈ മേയിലാണ് ആദ്യമായി റിപോ നിരക്ക് കൂട്ടിയത്. ബാങ്കുകളുടെ പണലഭ്യത കുറക്കാൻ കരുതൽ ധന അനുപാതവും വർധിപ്പിച്ചിരുന്നു. കോവിഡ് കാലത്തു വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ 5.15 ശതമാനമായിരുന്ന റിപോ നിരക്ക് 2020 മാർച്ചിൽ 4.4 ശതമാനമായും തുടർന്ന് മേയിൽ നാലു ശതമാനമായും കുറച്ചിരുന്നു.

റിപോ നിരക്ക് ഉയർത്താൻ ആർ.ബി.ഐയുടെ ആറംഗ പണനയ സമിതി ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്ന് യോഗ ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രെയ്ൻ യുദ്ധമാണ് പണപ്പെരുപ്പം ആഗോളതലത്തിൽ വർധിക്കാൻ കാരണം. എന്നാൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിലാണെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ നിരക്ക് ഉയർത്തുമെന്ന് ആർ.ബി.ഐ ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - RBI raises repo rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.