ചെന്നൈ: തമിഴ്നാട്ടിൽ പാർസൽ വാങ്ങിയ ഭക്ഷണത്തിൽ നിന്ന് എലിയുടെ തല കിട്ടിയെന്ന് പരാതി. തിരുവണ്ണാമലൈ അരണി ബസ്റ്റോപ്പിന് സമീപത്തെ വെജിറ്റേറിയൻ റെസ്റ്റോറന്‍റിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് എലിയുടെ തല കണ്ടെത്തിയത്. ഗാന്ധിനഗർ സ്വദേശിയായ ആർ. മുരളിയാണ് വെജിറ്റേറിയൻ റെസ്റ്റോറന്‍റിനെതിരെ പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
ഞാറാഴ്ച ഉച്ചക്ക്ശേഷം മരണാനന്തരചടങ്ങുകൾക്ക് എത്തിയവർക്കായി വെജിറ്റേറിയൻ കടയിൽ നിന്നും 35പാർസൽ ഭക്ഷണം മുരളി ഓഡർ ചെയ്യുകയായിരുന്നു. ഒരു അതിഥി പാർസൽ തുറന്നപ്പോൾ ബീട്ട്രൂട്ട് ഫൈയിൽ എലിയുടെ തലയെന്ന് സംശയിക്കുന്ന മാംസകഷ്ണം കണ്ടു. മുരളിയും കുടുംബാഗങ്ങളും റെസ്റ്റോറന്‍റിലെത്തി അന്വേഷിച്ചപ്പോൾ ഭക്ഷണം പാർസൽ ചെയ്യുന്ന സമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. തുടർന്ന് മുരളി അരണി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
റെസ്റ്റോറന്‍റിൽ നിന്നും ഭക്ഷണംകഴിക്കുമ്പോഴാണ് ഭക്ഷണത്തിൽ നിന്ന് എലിയുടെ തലയെന്ന് സംശയിക്കുന്ന മാംസകഷ്ണം കണ്ടിരുന്നതെങ്കിൽ പരാതിക്കാരന്‍റെ ആരോപണത്തിന് സാധുതയുണ്ടെന്നും എന്നാൽ പാർസൽ വാങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ഇയാൾ പരാതിയുമായി വന്നതെന്നും ഹോട്ടൽ അധികൃതർ പറയുന്നു.
സംഭവം കെട്ടിച്ചമച്ചതാണെന്ന് ഹോട്ടൽ മാനേജ്മെന്‍റ് സംശയിക്കുന്നതായും ഭക്ഷണത്തിന്‍റെ സാംപിൾ പരിശോധനക്കയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.