gandhiji
ന്യൂഡൽഹി: ലണ്ടനിൽ ആർ.എസ്.എസ് അനുഭാവി കുത്തിക്കീറിയ മഹാത്മാ ഗാന്ധിയുടെ അപൂർവമായ ചിത്രം ബോൻഹാംസ് ലേലത്തിൽ വിറ്റുപോയത് ഒരുകോടി എഴുപത്തഞ്ച് ലക്ഷത്തിന്. മഹാത്മാഗാന്ധിയെ ഇരുത്തി വരച്ച ഏക ചിത്രമാണിത്. വരച്ചത് ബ്രിട്ടീഷ് അമേരിക്കൻ ചിത്രകാരി ക്ലെയർ ലെയ്റ്റൻ. രണ്ടനിലെ ലോകപ്രശസ്ത ആർട്ട് ലേല കമ്പനിയായ ബോൻഹാംസിൽ ജൂലൈ എഴു മുതൽ 15 വരെ നടന്ന ലേലത്തിലാണ് ഗാന്ധിയുടെ ഈ ലോകപ്രശസ്ത ചിത്രം മോഹവിലയ്ക്ക് വിറ്റുപോയത്.
1931ൽ പുറത്തിറങ്ങിയ ‘റിബൽ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവും പത്രപ്രവർത്തകനുമായ നോയൽ ബ്രെയിൽസ്ഫോർഡ് ആണ് ചിത്രകാരിയായ ക്ലെയർ ലെയ്റ്റനെ ഗാന്ധിജിയുടെയടുത്ത് എത്തിക്കുന്നത്. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി ഗാന്ധിജി ലണ്ടനിലെത്തിയപ്പോഴായിരുന്നു ഇത്. പല സമയങ്ങളിലായാണ് ചിത്രകാരിയുടെ മുന്നിൽ ഇരിക്കാൻ ഗാന്ധിജി സമയം കണ്ടെത്തിയത്.
ഗാന്ധിജിയുടെ മുന്നിലിരുന്ന് വരച്ച ഒരേഒരു ചിത്രമാണിതെന്നും ആദ്യമായാണ് ചിത്രം ലേലത്തിനെത്തുന്നതെന്നും ബോൻഹാംസ് സെയിൽസ് തലവൻ റൈനൻ ഡെമറി പറയുന്നു. ദാരുശിൽപങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തയായ ചിത്രകാരിയുടെ ഈ ചിത്രം ഗാന്ധിജിയുടെ ജനപ്രിയതയുടെ പ്രതീകമായും കരുതുന്നതായി ഡെമറി പറയുന്നു. 1989ൽ ചിത്രകാരിയുടെ മരണത്തിനു ശേഷമാണ് അവരുടെ കുടുംബത്തിൽ നിന്ന് കൈമാറി ഈ ചിത്രം ഇവിടെയെത്തിയത്.
1931ൽ ലണ്ടനിലെ ആൽബനി ഗാലറീസിലാണ് ചിത്രംആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. ഇതെക്കുറിച്ചുള്ള വാർത്ത അന്നത്തെ ട്രേഡ് യൂനിയൻ മാഗസിനായ ദി സ്കൂൾ മിസ്ട്രസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഗാന്ധിജി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
‘ആ കുറിയ മനുഷ്യൻ ബ്ലാങ്കറ്റ് പുതച്ച്, തലയിൽ തൊപ്പിയോ തുണിയോ ഇല്ലാതെ ഇരുന്നു. ഒരു വിരൽ ഉയർത്തിവെച്ചിരുന്നു, അദ്ദേഹം എപ്പോഴും ചെയ്യുന്നതുപോലെ, പറയുന്ന കാര്യം ഒന്നുറപ്പിക്കാനെന്നപോലെ. ചുണ്ടുകൾ എന്തോ പറയാനൊരുങ്ങുംപോലെ, ഒരു പുഞ്ചിരിയുമായി. കുറച്ചുനാൾ മുമ്പ് വെസ്റ്റ് മിനിസ്റ്ററിൽ ഒരു ചടങ്ങിൽ അദ്ദേഹം വന്നപ്പോൾ ഞാൻ കണ്ടിരുന്നു. അദ്ദേഹം രാഷ്ട്രീയ നേതാവായിരുന്നു അവിടെ. സൂക്ഷ്മമായി അഭിപ്രായപ്രകടനം നടത്തുന്നയാൾ, സമർത്ഥനായ അഭിഭാഷകൻ, ശത്രുക്കളോടും മിത്രങ്ങളോടും മനശാസ്ത്രപരമായി എങ്ങനെ ഇടപെടണമെന്നറിയാവുന്ന രാഷ്ട്രതന്ത്രജ്ഞൻ’- ലെയ്റ്റൻ മാഗസിനിൽ പത്രപ്രവർത്തക വിനിഫ്രഡ് ഹോൾട്ബി അന്നെഴുതി. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി അന്ന് ഒരു കത്തെഴുതിയിരുന്നു. ആ കത്തും ഈ ചിത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്.
1974ൽ ഈ ചിത്രം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കപ്പെട്ടു. അന്ന് ഒരു ആർ.എസ്.എസ് പ്രവർത്തകൻ എത്തി കത്തികൊണ്ട് ചിത്രം കീറി. എന്നാൽ കാര്യമായ കേടുപാട് ഉണ്ടായില്ല. ഈ സംഭവം ലെയ്റ്റന്റെ കുടുംബം പറഞ്ഞതായുള്ള രേഖകൾ ബോസ്റ്റൻ പബ്ലിക് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വിശദീകരണങ്ങളില്ല. പിന്നീട് ചിത്രം കീറൽ മാറ്റി നന്നാക്കിയതായും കാണുന്നുണ്ട്. 1974 ൽ ലിമാൻ അലിൻ മ്യൂസിയം കൺസർവേഷൻ ലബോറട്ടറി ഈ ചിത്രത്തിന്റെ കേടുപാടുകൾ തീർത്തതായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.