ഒരു ലക്ഷം കോടി രൂപ കേന്ദ്രസഹായവുമായി അർബൻ ചലഞ്ച് ഫണ്ട്

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ ആരംഭിക്കുന്ന അർബൻ ചലഞ്ച് ഫണ്ടിന് (യു.സി.എഫ്) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചെലവിന്റെ 25 ശതമാനം വരെ കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നഗരമേഖലയിൽ മൊത്തം നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉൽപാദനക്ഷമവും എല്ലാവരെയും ഉൾക്കൊള്ളുന്നതും കാലാവസ്ഥക്ക് അനുയോജ്യമായതുമായ നഗരങ്ങൾ നിർമിക്കുക എന്നതാണ് അർബൻ ചലഞ്ച് ഫണ്ടിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ അടുത്ത ഘട്ട സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി അവയെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. നഗരങ്ങളെ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളാക്കൽ, നഗരങ്ങളുടെ സൃഷ്ടിപരമായ പുനർവികസനം, ജല-ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നടപ്പാക്കും.

ജലവും ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളിൽ-ശുദ്ധജല വിതരണം, മലിനജല- മഴവെള്ള നിർമാർജന സംവിധാനങ്ങൾ, ഗ്രാമ നഗര അടിസ്ഥാന സൗകര്യ അന്തരം കുറക്കുന്നത് ലക്ഷ്യമിട്ടുള്ള റൂർബൻ അടിസ്ഥാന സൗകര്യങ്ങൾ, വാട്ടർ ഗ്രിഡുകൾ, ഏകീകൃത ഖരമാലിന്യ നിർമാർജന സംവിധാനങ്ങൾ, സ്വച്ഛതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പാരമ്പര്യ മാലിന്യ സംസ്കരണ രീതികൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയുടെ നഗരവികസന സമീപനത്തിൽ മാതൃകാപരമായ മാറ്റത്തിന് നാന്ദി കുറിക്കുന്ന പദ്ധതിക്കുള്ള ധനസഹായത്തിലൂടെ വിപണിയുമായി ബന്ധപ്പെട്ട, പരിഷ്കരണാധിഷ്ഠിത, ഫലാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഇന്ത്യയുടെ മാറ്റം അടയാളപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഫണ്ടിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ

  • 2025ലെ കണക്കുപ്രകാരം 10 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങൾ.
  • മുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങൾ.
  • ഒരു ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള പ്രധാന വ്യാവസായിക നഗരങ്ങൾ.
  • മലയോര സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും നഗരസഭകൾക്കും, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ നഗരസഭകൾക്കും ക്രെഡിറ്റ്റീപേയ്‌മെന്റ് ഗാരന്റി സ്കീമിന് കീഴിൽ വരും.
Tags:    
News Summary - Urban Challenge Fund with central assistance of Rs 1 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.