ബംഗാളിൽ അഞ്ചു മാസത്തിനിടെ മൂന്ന് ബലാത്സംഗ കൊലകൾക്ക് വധശിക്ഷ; ​കുറ്റവും ശിക്ഷയും ആർ.ജി കർ പ്രതിഷേധം കത്തുന്നതിനിടെ

കൊൽക്കത്ത: അഞ്ചു മാസത്തിനുള്ളിൽ മൂന്ന് ബലാത്സംഗ കൊലകൾക്ക് വധശിക്ഷ വിധിച്ച് പശ്ചിമ ബംഗാൾ. ആർ.ജി കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസി​​ലെ വിധിക്കു മുമ്പാണ് ഈ ശിക്ഷാ വിധികളെല്ലാം.

ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇരക്ക് വേഗത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ജനത തെരുവിലിറങ്ങിയപ്പോഴാണ് മൂന്ന് ജില്ലകളിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ടത്.

ആർ.ജി കർ കേസിൽ സി.ബി.ഐ കോടതിയുടെ വിധിയുടെ തലേദിവസം, ഹൂഗ്ലിയിലെ ചിൻസുരയിലെ പോക്‌സോ കോടതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 45കാരനായ അശോകിന് വധശിക്ഷ വിധിച്ചിരുന്നു. പെൺകുട്ടിക്ക് ആറു വയസ്സ് തികയുന്നതിന്റെ തലേന്ന് ബുധനാഴ്ചയാണ്

സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കഴിഞ്ഞ വർഷം നവംബർ 24 ന് കൊൽക്കത്തയിൽ നിന്ന് 64 കിലോമീറ്റർ വടക്ക് ഹൂഗ്ലിയിലെ ഗുറാപ്പിലെ വീട്ടിൽനിന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം അവളുടെ മൃതദേഹം സിങ്ങിന്റെ വസതിയിൽ കണ്ടെത്തി. സിങ് കുട്ടിയെ ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് വശീകരിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നു രാത്രി തന്നെ അറസ്റ്റ് ചെയ്തു. 14 ദിവസത്തിനകം ലോക്കൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ 18ന് വിചാരണ ആരംഭിച്ചത്. വേഗത്തിലുള്ള പഴുതടച്ച അന്വേഷണത്തിന് മുഖ്യമന്ത്രി മമത ബാനർജി പൊലീസിന് നന്ദി അറിയിച്ചു.

‘ഗുറാപ്പിലെ കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. അതിന് ജുഡീഷ്യറിക്ക് നന്ദി പറയുന്നു. 54 ദിവസത്തിനുള്ളിൽ വേഗത്തിലുള്ള വിചാരണയും ശിക്ഷയും ഉറപ്പാക്കിയ വേഗത്തിലുള്ള നടപടിക്കും സമഗ്രമായ അന്വേഷണത്തിനും ഹൂഗ്ലി റൂറൽ ജില്ലാ പൊലീസിനും നന്ദി പറയുന്നു. എന്റെ ഹൃദയം ആ കുടുംബത്തിനൊപ്പമാണ്. അവരുടെ വേദന ഞാൻ പങ്കിടുന്നു’-ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മമത കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ദുർഗാപൂജയുടെ വേളയിൽ ആർ.ജി കർ സംഭവത്തെ തുടർന്നുള്ള പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെയായിരുന്നു രണ്ടാമത്തെ ബലാൽസംഗക്കൊല. ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസ്സുകാരിയെ സൗത്ത് 24 പർഗാനാസിൽ മുസ്താഖിൻ സർദാർ 19 ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദൃക്‌സാക്ഷികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സർദാറിനെ പിടികൂടി ചോദ്യം ചെയ്തത്. ഇയാൾ കുറ്റം സമ്മതിക്കുകയും കുട്ടിയുടെ മൃതദേഹം എവിടെയാണ് ഒളിപ്പിച്ചതെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. 25 ദിവസത്തിനകം സംസ്ഥാന പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഡിസംബർ 6ന് സൗത്ത് 24 പർഗാനാസിലെ ബരുയിപൂരിലെ പോക്‌സോ കോടതിയാണ് സർദാറിന് വധശിക്ഷ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം വിജയ ദശമി ദിനത്തിൽ കൊൽക്കത്തയിൽ നിന്ന് 297 കിലോമീറ്റർ വടക്കായി ഫറാക്കയിലെ മത്ത്‌പാറ പ്രദേശത്ത് അമ്മയുടെ മുത്തശ്ശിയുടെ അടുത്തുവന്ന 10 വയസ്സുകാരിയെ കളിസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. പ്രദേശവാസിയായ 35 കാരനായ ദിനബന്ധു ഹൽദാറിനൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നറിഞ്ഞ വീട്ടുകാർ രണ്ടു മണിക്കൂറിനുശേഷം അയാളുടെ വാതിലിൽ മുട്ടി.

പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന് ഹൽദാർ നിഷേധിക്കുകയും വാതിൽ തുറക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഏതാനും മണിക്കൂറുകൾ കൂടി തിരച്ചിൽ തുടർന്നു. അയൽവാസികളും കുടുംബാംഗങ്ങളും ചേർന്ന് വാതിൽ തുറക്കാൻ ഹൽദാറിനെ നിർബന്ധിച്ചു. പ്ലാസ്റ്റിക് ബാഗിനുള്ളിൽ വായിൽ തുണി തിരുകിയ നിലയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ സുഭാജിത്ത് ഹൽദാർ എന്ന മറ്റൊരാൾക്കും ബലാത്സംഗത്തിലും കൊലപാതകത്തിലും പങ്കുണ്ടെന്ന് പോലീസിന് മനസ്സിലായി. രണ്ട് പ്രതികളിൽ, ദിനബന്ധുവിന് വധശിക്ഷയും കൂട്ടാളിക്ക് കഴിഞ്ഞ വർഷം ഡിസംബർ 13 ന് ജീവപര്യന്തം തടവും വിധിച്ചിരുന്നു.

Tags:    
News Summary - Before Sanjay Roy’s verdict, three rapist-murderers got death penalty in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.