രണ്​ദീപ്​ സിങ്​ സുർജേവാല

11 പേരുടെ ടീമാണ് വേണ്ടത്; ഒരാളുടെ ടീമല്ല -കർണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ കുറിച്ച് രൺദീപ് സിങ് സുർജേവാല

ന്യൂഡൽഹി: സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനും ഉത്തരവാദിത്തം നൽകണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായമെന്ന് കർണാടക മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിച്ചതിനു മണിക്കൂറുകൾക്കുശേഷം കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. സംസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ ഒരാളുടെ ടീമല്ല, 11 പേരുടെ ടീമാണ് തങ്ങൾക്ക് വേണ്ടത്. ഇരുനേതാക്കളും സന്തുഷ്ടരാണെന്ന് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഞ്ചുവർഷവും സിദ്ധരാമയ്യയായിരിക്കുമോ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ ഇരുനേതാക്കളും തമ്മിലുള്ള കരാറിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന ഫോർമുല ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ശിവകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

മുഖ്യമന്ത്രി പദം പങ്കിടൽ കരാറിന് നേതൃത്വം സമ്മതിച്ചോയെന്നും സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമോയെന്നുമുള്ള ചോദ്യത്തിന് കർണാടകയിലെ ജനങ്ങളുടെ സേവകരാകുക എന്നതാണ് അധികാരം പങ്കിടൽ സൂത്രവാക്യമെന്നായിരുന്നു സുർജേവാലയുടെ മറുപടി.

''സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിയാകാൻ കഴിവുള്ളവരാണ്. കർണാടകയിലെ ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസിന് എല്ലാ തലത്തിലും നയിക്കാൻ കഴിവുള്ള നേതാക്കളുടെ നീണ്ട നിരയുണ്ട്. കഠിന പ്രയത്നമാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം. മല്ലികാർജുൻ ഖാർഗെയുടെ സമീപനം എക്കാലത്തും സമവായവും ഏകാഭിപ്രായവും ഐക്യവുമാണ്. രണ്ടര ദിവസം അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി. ഒടുവിൽ പാർട്ടിയുടെ വികസന അജണ്ട നടപ്പാക്കുന്നതിൽ ഇരുവരെയും പങ്കാളികളാക്കുന്ന ഒരു തീരുമാനത്തിൽ എത്തി''- സുർജേവാല പറഞ്ഞു.

കർണാടക മുഖ്യമന്ത്രിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട കരാറിൽ താൻ പൂർണ സന്തോഷവാനല്ല എന്ന ശിവകുമാറിന്റെ സഹോദരനും ലോക്സഭ എം.പിയുമായ ഡി.കെ.സുരേഷിന്റെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിനും സുർജേവാല മറുപടി നൽകി. ''അത് ഡി.കെ.സുരേഷിന്റെ അഭിപ്രായമാണ്. അദ്ദേഹത്തിന് അത് പറയാൻ അർഹതയുണ്ട്. കോൺഗ്രസിന് 138 എം.എൽ.എമാരുടെ പിന്തുണയുണ്ട്. (135 കോൺഗ്രസ് എം.എൽ.എമാർ, ഞങ്ങളുടെ സഖ്യകക്ഷിയായ സർവോദയ പാർട്ടിയിൽ നിന്നുള്ള ഒരാൾ രണ്ട് സ്വതന്ത്രരുടെ പിന്തുണ). കർണാടകയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുമെന്നും എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് പാലിക്കുമെന്നും സുർജേവാല കൂട്ടിച്ചേർത്തു. 

Tags:    
News Summary - Randeep Singh Surjewala on Karnataka CM selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.