രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ നിഷ്പക്ഷവും ഉന്നത തലത്തിലുള്ള അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ട് 500 ഓളം സന്യാസിമാരും മതനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു. കമ്പ്യൂട്ടർ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
മണ്ഡി ഹൗസിലെ നേപ്പാൾ എംബസിക്ക് സമീപത്തുനിന്നും ആരംഭിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാനാണ് സന്യാസിമാരുടെ പദ്ധതി. അയോധ്യ രാമക്ഷേത്ര സംഭാവനകളിലെ ക്രമക്കേടുകളെക്കുറിച്ചും പണം തിരിമറി നടത്തിയതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടും.
രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. ഇതിനിടെ അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസ് ലോക്‌സഭയിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് തിങ്കളാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനുള്ളിൽ ശക്തമായ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനുള്ളിൽ സംഘടിതമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തേ അയോധ്യ രാമക്ഷേത്ര സംഭാവനതട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം രാഷ്ട്രീയവൽക്കരിക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.