ഇന്ദർ സിംഗ് പർമർ, രാജാ റാം മോഹൻ റോയ്

രാജാറാം മോഹൻറോയ് ബ്രിട്ടീഷ് ഏജന്റായിരുന്നു​വെന്ന് മധ്യപ്രദേശ് മന്ത്രി; യഥാർഥ ഒറ്റുകാർ ചരിത്രം മറക്കുന്നുവെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

ഭോപ്പാൽ: രാജാറാം മോഹൻ റോയ് ബ്രിട്ടീസ് സാമ്രാജ്യത്വത്തിന്റെ ഏജന്റായിരുന്നു​വെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമാർ. അഗർ മാൾവയിൽ നടന്ന ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം.

ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ‘ബ്രിട്ടീഷ് ഏജന്റ്’ ആയാണ് റോയ് പ്രവർത്തിച്ചതെന്ന് പർമാർ പറഞ്ഞു. ആ സമയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വലിയ​ തോതിൽ മതപരിവർത്തനം നടന്നിരുന്നു. റോയ് ഉൾപ്പെടെ നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു. മതപരിവർത്തന നീക്കങ്ങൾക്ക് തടയിട്ട് ഗോത്ര സ്വത്വവും സമൂഹവും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.

പർമാറിന്റെ പരാമർശങ്ങളെ ലജ്ജാകരമെന്നതായിരുന്നു കോ​ൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത വിശേഷിപ്പിച്ചത്. ചരിത്രത്തെ കുറിച്ച് കേവല ധാരണപോലുമില്ലാതെയാണ് പർമാറി​ന്റെ പരാമർശങ്ങൾ. രാജാറാം മോഹൻ റോയ് സതി നിർത്തലാക്കി, അത് എന്തുതരം ബ്രോക്കറേജായിരുന്നു? അന്ന് ബ്രിട്ടീഷുകാരുടെ യഥാർഥ ഒറ്റുകാരായിരുന്നവർ ഇന്ന് ചരിത്രം മറന്ന് ആരോപണം ഉന്നയിക്കുകയാണെന്നും ഗുപ്ത പറഞ്ഞു.

ഇതാദ്യമായല്ല പർമാർ വിവാദപ്രസ്താവനകളിറക്കി പുലിവാല് പിടിക്കുന്നത്. മുമ്പ്, ഇന്ത്യയെ കണ്ടെത്തിയത് വാസ്കോഡ ഗാമയല്ല, ചന്ദൻ എന്ന വ്യാപാരിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. സർവകലാശാലാ ബിരുദദാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ചരിത്രം തെറ്റായാണ് പഠിപ്പിക്കുന്നതെന്നും ചന്ദനാണ് ഇന്ത്യ കണ്ടെത്തിയതെന്നുമുള്ള പാർമറുടെ പരാമർശം.

ഇതിനിടെ, സ്വകാര്യ കോളേജുകൾ അവരുടെ ലൈബ്രറികളിൽ 88 പുസ്തകങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് പാർമറുടെ വകുപ്പിന്റെ നിർദേശവും വിവാദമായിരുന്നു. മുതിർന്ന ആർ.എസ്.എസ് നേതാവ് സുരേഷ് സോണിയുടെതടക്കം രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധമുള്ള വ്യക്തികൾ എഴുതിയ പുസ്തകങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും.

സ്കൂൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത്, രാജ്യത്ത് നുണകളാണ് ചരിത്രമായി പഠിപ്പിക്കുന്നതെന്ന പാർമറുടെ ​പ്രസ്താവന വ്യാപകമായ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. ‘രാജ്യത്ത് നുണകൾ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ, ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെ മാറ്റിമറിച്ച ചരിത്രകാരന്മാർ വിദേശ പര്യവേക്ഷകരെ നായകന്മാരായി ചിത്രീകരിച്ചു. സ്വാത​ന്ത്ര്യത്തിന് മുമ്പും പിമ്പും രാജ്യത്തിന്റെ ചരിത്രപരമായ ധാരണ മാറ്റാൻ ഏജന്റുമാർ നിയോഗിക്കപ്പെട്ടിരുന്നു’ എന്നായിരുന്നു പാർമറുടെ പ്രസ്താവന.

Tags:    
News Summary - Ram Mohan Roy A British Agent: Madhya Pradesh Education Ministers Shocker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.