അയോധ്യ: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ എട്ടടി ഉയരമുള്ള സ്വർണ്ണം പൂശിയ മാർബിൾ സിംഹാസനത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. രാജസ്ഥാനിലെ പ്രത്തേയ കരകൗശല വിദഗ്ദ സംഘമാണ് സിംഹാസനം നിർമിക്കുന്നതെന്നും ഡിസംബർ 15ന് അയോധ്യയിലെത്തുമെന്നും ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു.
എട്ടടി ഉയരവും, മൂന്ന് അടി നീളവും നാല് അടി വീതിയുമുള്ളതായിരിക്കും രാമക്ഷേത്രത്തിനുള്ളിലെ ഗർഭഗൃഗമെന്നും ഇതിന്‍റെ നിർമാണം ഏറെക്കുറെ പൂർത്തിയായെന്നും മിശ്ര കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന്‍റെ ആദ്യ നില ഡിസംബർ 15നകം പൂർത്തിയാക്കും. ഇതിന്‍റെ 80 ശതമാനത്തോളം നിർമാണവും പൂർത്തിയായിട്ടുണ്ട്.
നിരവധി വിശ്വാസികൾ സ്വർണവും മറ്റ് രത്നങ്ങളും നൽകിയിട്ടുണ്ടെന്നും ഇവയെല്ലാ സൂക്ഷിച്ച് വെക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ഉരുക്കി നിർമാണത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാമക്ഷേത്ര നിർമാണത്തിനായി മൂന്ന് വർഷത്തിനിടെ 900 കോടി രൂപ ചെലവായതായി ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. 3000 കോടി ബാക്കിയുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു. രാമക്ഷേത്രത്തിനായി വിദേശ ഇന്ത്യക്കാർക്ക് സംഭാവന നൽകുന്നതിന് വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരം ആഭ്യന്തര മന്ത്രാലയം അനുമതിനൽകിയിരുന്നു.
രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ അടുത്ത വർഷം ജനുവരി 22നായിരിക്കും നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. അതേസമയം മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ മാത്രം ക്ഷണിച്ചത് എന്തുകൊണ്ടാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടി പരിപാടിയായി ഉദ്ഘാടനം മാറുമോയെന്നും പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.