രാജ്യസഭാ ഉപാധ്യക്ഷൻ; തൃണമൂൽ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണക്കും

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നിർബന്ധമായിരിക്കെ തൃണമൂൽ കോൺഗ്രസിൻറെ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് സുകേന്ദു ശേഖർ റോയിയെ പിന്തുണക്കാനാണ് കോൺഗ്രസിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. 

അതേസമയം തൃണമൂൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രൈൻ വ്യക്തമാക്കി. ജൂലൈ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സെഷനിലാണ് നാമനിർദ്ദേശവും തിരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക. 2012 മുതൽ മലയാളിയായ പി.ജെ കുര്യനാണ് രാജ്യസഭാ ഉപാധ്യക്ഷൻ.  

245 അംഗ സഭയിൽ 51 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസിന് ഒറ്റക്ക് സ്ഥാനാർഥിയെ നിർത്താനുള്ള അംഗബലമുണ്ടെങ്കിലും ബി.ജെ.പി ഇതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് തൃണമൂലിനെ പിന്തുണക്കാൻ തീരുമാനിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ സ്ഥാനത്തേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 1992ലാണ്.  

കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒരിക്കൽ കൂടി ഒന്നിച്ച് പോരാടുകയാണ്. അടുത്ത വർഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും നിർണായകമായേക്കാവുന്ന തീരുമാനമാണ് ഇത്.  

Tags:    
News Summary - Rajya Sabha Deputy Post, Congress Accepts Mamata Banerjee's Lead- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.