രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിലെ രണ്ട് സീറ്റിലും എതിരില്ലാതെ ബി.ജെ.പി, കോൺഗ്രസിന് അഹമ്മദ് പട്ടേലിന്‍റെ സീറ്റും നഷ്ടം

അഹമ്മദാബാദ്: ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിരില്ലാതെ വിജയം. കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയില്ല. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്‍റെ സീറ്റും കോൺഗ്രസിന് നഷ്ടമായി. ബി.ജെ.പി സ്ഥാനാർഥികളായ ദിനേഷ്‌ചന്ദ് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് വിജയിച്ചത്.

കോൺഗ്രസ് എം.പി അഹമ്മദ് പട്ടേൽ, ബി.ജെ.പി എം.പി അഭയ് ഗണപത്രേ എന്നിവരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താത്തതിനാൽ ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അംഗബലം കുറവായതിനാൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു കോൺഗ്രസ്. എന്നാൽ, 1993 മുതൽ അഹമ്മദ് പട്ടേലിന്‍റെ കൈവശമായിരുന്ന സീറ്റിൽ സ്ഥാനാർഥികളെ നിർത്താത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ഉയരുകയാണ്.

ഗുജറാത്തിലെ 182 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 111ഉം പ്രതിപക്ഷമായ കോൺഗ്രസിന് 65ഉം എം.എൽ.എമാരാണുള്ളത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.