സർ ക്രീക്ക് മേഖലയിലെ ഏത് തരത്തിലുള്ള പ്രകോപനത്തിലും ശക്തമായി തിരിച്ചടിക്കും; പാകിസ്താന് മുന്നറിയിപ്പുമായി രാജ് നാഥ് സിങ്

സർ ക്രീക്ക് മേഖലക്കുമേലുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രണത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. മേഖലയിൽ കൂടുതൽ പാക് സൈന്യത്തെ വിന്യസിക്കാനുള്ള നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിലൂടെ നിരവധി തവണ ഇന്ത്യ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പാകിസ്താൻ സഹകരിച്ചില്ലെന്നും അവരുടെ ഉദ്ദേശത്തിൽ അവ്യക്തയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഗുജറാത്തിലെ അതിർത്തി നഗരമായ ഭുജിലെ മിലിട്ടറി ബേസിൽ സൈനികരുടെ ദസറ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു രാജ് നാഥ് സിങ്. 

ഓപ്പറേഷൻ സിന്ദൂറിന്‍റെ എല്ലാ ലക്ഷ്യങ്ങളും തങ്ങൾ നേടി കഴിഞ്ഞുവെന്നും പാകിസ്താനുമായൊരു യുദ്ധം തുടങ്ങുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ റാൺ ഓഫ് കച്ചിനും പാകിസ്താനും ഇടയിലുള്ള 96 കിലോമീറ്റർ നീണ്ടു കിടക്കുന്ന സെൻസിറ്റീവായ തന്ത്രപ്രധാന മേഖലയാണ് സർ ക്രീക്ക്. ഗുജറാത്തിലെ കച്ചിനെയും പാകിസ്താനിലെ സിന്ദ് പ്രവിശ്യയെയും വേർതിരിക്കുന്ന മേഖലയാണിത്. ഏറ്റവും വലിയ ഫിഷിങ് സോണുകളിലൊന്നായ ക്രീക്കിൽ വലിയ എണ്ണ പ്രകൃതി വാതക ശേഖരവും ഉണ്ട്.

ഇരു രാജ്യങ്ങളും സമുദ്രാതിർത്തി രേഖകൾ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നതിനാൽ തർക്ക പ്രദേശമായി തുടരുകയാണിവിടെ. 1914ലെ ബോംബെ ഗവൺമെന്‍റ് പ്രമേയത്തിൽ നിന്നാണ് തർക്കങ്ങൾ ആരംഭിക്കുന്നത്. ഇതിൽ ഇന്നത്തെ സിന്ദിലാണ് ക്രീക്ക് മേഖലയുടെ അതിർത്തി രേഖപ്പെടുത്തിയത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം സിന്ദ് പാകിസ്താനൊപ്പവും കച്ച് ഇന്ത്യയുടെയും ഭാഗമായി. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അന്താരാഷ്ട്ര മാരിടൈം നിയമങ്ങൾ ആവശ്യമായി വന്നു. താൽവെഗ് പ്രിൻസിപ്പലെന്നാണ് ഇത് അറിയപ്പെടുന്നത്.

ക്രീക്ക് സഞ്ചാര യോഗ്യമല്ലെന്നും അതിനാൽ താൽവെഗ് തത്വങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പാകിസ്താൻ പറയുന്നത്. ഉയർന്ന തിരമാലകൾ ഉള്ള സമയത്ത് ക്രീക്ക് സഞ്ചാര യോഗ്യമാക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം അതിർത്തി രേഖപ്പെടുത്തണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Rajnath Singh warns Pakistan on sir creek dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.