ലഖ്നോവിൽ നിർമാണം പൂർത്തിയാക്കിയ ബ്രഹ്മോസ് മിസൈൽ പ്രതിരോധ മന്ത്രി സൈന്യത്തിന് കൈമാറുന്നു

പാകിസ്താന്റെ ഓരോ ഇഞ്ചും ബ്ര​ഹ്മോസ് പരിധിയിൽ -രാജ്നാഥ് സിങ്; ലഖ്നോവിൽ നിർമിച്ച ആദ്യ ബ്രഹ്മോസ് മിസൈൽ സൈന്യത്തിന് കൈമാറി

ലഖ്നോ: ​ഇന്ത്യൻ പ്രതിരോധ ശേഷിക്ക് കരുത്തരായി ലഖ്നോവിൽ നിർമിച്ച ബ്രഹ്മോസ് ദീർഘദൂര മിസൈലുകളുടെ ആദ്യബാച്ച് സൈന്യത്തിന് കൈമാറി.

ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ബ്രഹ്മോസ് എയ്റോസ്​പേസ് യൂണിറ്റിനു പിന്നാലെ, ലഖ്നോവിലെ സരോജിനി നഗറിൽ പുതുതായി സ്ഥാപിച്ച ബ്രഹ്മോസ് യൂണിറ്റിൽ നിർമിച്ച മിസൈലുകളുടെ ആദ്യ ബാച്ചാണ് സൈന്യത്തിന് നൽകിയത്. ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ചിന്റെ കൈമാററം നിർവഹിച്ചു.

പ്രവർത്തനമാരംഭിച്ച് അഞ്ചു മാസത്തിനുള്ളിലാണ് ലഖ്നോ യൂണിറ്റിൽ നിന്നും ആദ്യ ബാച്ച് മിസൈലുകളുടെ നിർമാണം പൂർത്തിയാക്കി സൈന്യത്തിന് കൈമാറുന്നത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകവും ​ശക്തമായ ചുവടുവെപ്പുമാണ് ഇതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ കഴിഞ്ഞ മേയിൽ നടന്ന ഓപറേഷൻ സിന്ദുർ സൈനിക നടപടി ഭീകരതക്കെതിരായ ഇന്ത്യയുടെ ട്രെയ്‍ലർ മാത്രമാണെന്നും, പാകിസ്താന്റെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്മോസ് മിസൈലിന്റെ പ്രഹ​രശേഷിയുടെ പരിധിയിലാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യയുടെ ദീർഘദൂര സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡി.ആർ.ഡി.ഒയും, റഷ്യയുടെ ആയുധ നിർമാണ സ്ഥാനപാമായ എൻ.പി.എ മഷിനോസ്ത്രോയേനിയയും ചേർന്നാണ് വികസിപ്പിച്ചത്. ഇന്ത്യയുടെ ബ്രഹ്മമുത്ര നദിയുടെയും റഷ്യയിലെ മോസ്കോ നദിയുടെയും പേരിൽ നിന്നാണ് 800കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ബ്രഹ്മോസ് എന്ന പേര് നൽകിയത്.

2006 റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്ന ബ്രഹ്മോസ്, 2007 ജൂണിൽ സേനയുടെ ഭാഗമായി മാറുകയായിരുന്നു. ഇന്ത്യൻ കര, നാവിക, വ്യോമസേനയുടെ പ്രധാന ആയുധങ്ങളിലൊന്ന ബ്രഹ്മോസ് ഒരേസമയം കടൽ, കര, ആകാശം എന്നിവടങ്ങളിൽ നിന്നും ശത്രുവിനെതിരെ പ്രയോഗിക്കാൻ കഴിയുമെന്നതാണ് ​പ്രത്യേകത. ​

ഹൈദരാബാദിലെ ബ്ര​ഹ്മോസ് എയ്റോസ്​പേസ് പ്രൊഡക്ഷൻ സെന്റർ, തിരുവനന്തപുരത്തെ കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ബ്രഹ്മോസ് എയ്റോ സ്​പേസ് തിരുവനന്തപുരം ലിമിറ്റഡ്) എന്നിവടങ്ങളിലെ നിർമാണ യൂണിറ്റിനു പിന്നാലെയാണ് ഈ വർഷം മേയ് 11ന് ലഖ്നോവിലും ബ്രഹ്മോസ് ഉദ്ഘാടനം ചെയ്തത്. അടുത്തവർഷത്തോടെ പ്രതിവർഷം 100 മിസൈലുകൾ വരെ ഇവിടെ ഉൽപാദിപ്പിക്കും.

Tags:    
News Summary - Rajnath Singh flags off first batch of BrahMos missiles in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.