'എന്നെ വീണ്ടും വേദനിപ്പിക്കരുത്'; തീരുമാനം പുനഃപരിശോധിക്കില്ല -രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന നിലപാട് ആവർത്തിച്ച് സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്ന് രജനീകാന്ത് പറഞ്ഞു. ആരാധകർ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച രജനീകാന്ത്, 'തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെ'ന്ന് വാർത്താകുറിപ്പിലൂടെ അഭ്യർഥിച്ചു.

ദൈവം നൽകിയ മുന്നറിയിപ്പായിരുന്നു എന്‍റെ ആശുപത്രി പ്രവേശനം. പകർച്ചവ്യാധികൾക്കിടയിലെ പ്രചാരണ പ്രവർത്തനങ്ങൾ തന്‍റെ ആരോഗ്യത്തെ ബാധിക്കും. ആരാധകർ അച്ചടക്കത്തോടെയും മാന്യമായും പരിപാടി സംഘടിപ്പിച്ചതിന് നന്ദിയുണ്ടെന്നും രജനീകാന്ത് വ്യക്തമാക്കി.

ഡിസംബർ 31ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയിൽ പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു നേരത്തെ രജനി വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം രക്ത സമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന് സൂപ്പർ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് പിൻമാറിയ വിവരം 70കാരനായ രജനീകാന്ത് ആരാധകരെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നും അതില്ലാതെ ജനങ്ങളെ സേവിക്കാനാണ് തന്‍റെ തീരുമാനമെന്നും രജനീകാന്ത് ട്വീറ്റിലൂടെ വ്യക്തമാക്കി‍യത്. ആരോഗ്യ കാരണങ്ങളാലാണ് പിൻമാറ്റം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തതിൽ വേദനയുണ്ട്. നിരാശയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും സൂപ്പർ താരം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തി രജനീകാന്തിന്‍റെ ആരാധകർ ചെന്നൈയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു. കൂടാതെ, താരത്തിന്‍റെ ചെന്നൈയിലെ വസതിക്ക് മുൻപിൽ ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചതായി മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.