ന്യൂഡൽഹി: ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയ സ്വയംഭരണവും ജനങ്ങൾക്ക് ആവശ്യമായ ഘട്ടത്തിൽ നൽകിയ ഇളവുകളും വ്യവസ്ഥകളും നിലനിർത്തിയില്ലെങ്കിൽ ഇന്ത്യ പൊളിഞ്ഞുവീഴുമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാൻ.
സ്വയംഭരണാവകാശത്തോടെയുള്ള പ്രത്യേക പദവി നൽകിയിരുന്നത് ജമ്മു-കശ്മീരിന് മാത്രമല്ലെന്നും സംസ്ഥാനങ്ങളുടെ പ്രത്യേകാധികാരം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമാണെന്നും അധികാരത്തിന്റെ ജനാധിപത്യവത്കരണത്തിന് അത് അനിവാര്യവുമാണെന്നും ധവാൻ വാദിച്ചു. 370ാം അനുേച്ഛദം റദ്ദാക്കിയതിനെതിരായ ഹരജികളിൽ വാദം തുടരുകയായിരുന്നു സുപ്രീംകോടതി. അസം, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലെ ഗോത്രമേഖലാ ഭരണത്തിന് ആറാം ഷെഡ്യൂളിലുള്ള പ്രത്യേക വ്യവസ്ഥകൾ ധവാൻ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 164ാം അനുേച്ഛദം ബിഹാർ, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കായി പ്രത്യേക മന്ത്രിയുണ്ടാകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. 371ാം അനുേച്ഛദം ഗുജറാത്തിനും മഹാരാഷ്ട്രക്കും 371 എ നാഗാലാൻഡിനും 371 ബി അസമിനും 371 ഡി ആന്ധ്രപ്രദേശിനും തെലങ്കാനക്കും 371 ഇ ആന്ധ്രപ്രദേശ് കേന്ദ്ര സർവകലാശാലക്കും 371 എഫ് സിക്കിമിനും 371 ജി മിസോറമിനും 371 എച്ച് അരുണാചൽ പ്രദേശിനും 371 ഐ ഗോവക്കും 371 ജെ കർണാടകക്കുമായി മാത്രം നൽകിയ പ്രത്യേക അവകാശങ്ങളിലേക്കും ധവാൻ സുപ്രീംകോടതിയുടെ ശ്രദ്ധ ക്ഷണിച്ചു. പോണ്ടിച്ചേരിക്കും ഡൽഹിക്കും മാത്രമായി ഭരണഘടനയുടെ 239 എ, 239 എ എ അനുേച്ഛദങ്ങളിൽ വ്യവസ്ഥകളുണ്ട്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം അനുേച്ഛദം നിയമവിരുദ്ധമായി റദ്ദാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തിനായി ഏത് സംസ്ഥാനത്തെയും അസ്ഥിരപ്പെടുത്താനുള്ള കീഴ്വഴക്കമായി മാറുമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ മുന്നറിയിപ്പ് നൽകി.
ഹിതപരിശോധനക്കായുള്ള മുറവിളി കശ്മീരിലുയർന്ന സമയത്താണ് പ്രത്യേക അവകാശം നൽകിയത് എന്ന് ഓർക്കണമെന്ന് ദവെ ചൂണ്ടിക്കാട്ടി.ഇന്ത്യയിലാണോ പാകിസ്താനിലാണോ ചേരേണ്ടത് എന്ന് കശ്മീർ മഹാരാജാവ് അനിശ്ചിതത്വത്തിലായിരുന്ന സമയമായിരുന്നു അത്. അത്തരമൊരു സമയത്തെ ഏറ്റവും സമർഥമായ നടപടിയായിരുന്നു ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യയോട് ചേരാൻ പ്രേരിപ്പിച്ച 370ാം അനുേച്ഛദം. ജമ്മു-കശ്മീരിലെ ജനതക്ക് അതിലൂടെ നൽകിയ വാഗ്ദാനം ഒരിക്കലും ലംഘിക്കാനാവില്ലെന്ന് ദവെ ബോധിപ്പിച്ചു.
സുപ്രീംകോടതിയിൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളിലെ വാദം കേൾക്കൽ ഏഴ് ദിവസം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.