ജയ്പൂർ: രാജസ്ഥാനിലെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ വയോധികനെ മണിക്കൂറുകളോളം കാത്തിരുപ്പിച്ച്, മേശപ്പുറത്ത് കാലുകയറ്റി വെച്ചിരുന്ന വനിതാ കോൺസ്റ്റബ്ളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടപടിയെടുത്ത് അധികൃതർ. ഡുങ്കർപൂർ ജില്ലയിലെ ബിച്ചിവാര പൊലീസ് സ്റ്റേഷനിലാണ് സംഭവം. കോൺസ്റ്റബ്ളിനെ സസ്പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിൽ, പൊലീസ് സ്റ്റേഷനിലെ കസേരയിൽ ഇരിക്കുന്ന വനിതാ കോൺസ്റ്റബ്ൾ രണ്ട് കാലുകളും മേശപ്പുറത്ത് വച്ചിരിക്കുന്നതും, സമീപത്ത് ഒരു വയോധികൻ പരാതി നൽകാനായി കാത്തിരിക്കുന്നതും കാണാം. പൊലീസ് കോൺസ്റ്റബ്ളിന് വയോധികന്റെ പരാതി കേൾക്കാൻ താൽപര്യമില്ലായിരുന്നു. തുടർന്ന് വയോധികൻ അവിടെ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആരോ ദൃശ്യം പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. ചിത്രം പുറത്തുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനം ഉയർന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്ന് വനിതാ കോൺസ്റ്റബ്ളിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജനങ്ങളോട് മാന്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.