ചെന്നൈ: പരന്ദൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കെതിരെ നിലപാടെടുത്ത തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയോടുള്ള നന്ദിസൂചകമായി കാഞ്ചീപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ ഗ്രാമസഭ തീരുമാനം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശനിയാഴ്ച ചേർന്ന ഗ്രാമസഭയിലാണ് തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചത്.
ഗ്രാമത്തിലെ പ്രധാന റോഡിന് ‘ദളപതി വിജയ് റോഡ്’ എന്ന് പേര് നൽകണമെന്നാണ് ഗ്രാമസഭയുടെ തീരുമാനം. പദ്ധതിക്കെതിരായ നിലപാടിന് മുഖ്യമന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ റോഡിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം.
ഏകനാപുരം നിവാസികൾ ഏറെക്കാലമായി പരന്ദൂർ വിമാനത്താവള പദ്ധതിക്കെതിരെ പ്രതിഷേധത്തിലായിരുന്നു. നിർദിഷ്ട വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് വീടുകളെയും കൃഷിയിടങ്ങളെയും ജലസ്രോതസ്സുകളെയും ബാധിക്കുമെന്നായിരുന്നു ഗ്രാമവാസികളുടെ പ്രധാന ആശങ്ക. പദ്ധതിയുടെ റൺവേ നിർദിഷ്ട പ്രദേശത്ത് നേരിട്ട് ഉൾപ്പെട്ടിരുന്ന ഗ്രാമമായിരുന്നു ഏകനാപുരം. ഏകദേശം 2500 പേരാണ് ഇവിടെ താമസിക്കുന്നത്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ വിജയ് പരന്ദൂർ വിമാനത്താവള പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. 2025 ജനുവരി 20ന് പദ്ധതിക്കെതിരെ അദ്ദേഹം നേരിട്ട് പ്രതിഷേധത്തിലും പങ്കെടുത്തു. ചെന്നൈക്ക് രണ്ടാമത്തെ വിമാനത്താവളം വേണമെന്ന ആശയത്തോട് എതിർപ്പില്ലെന്നും എന്നാൽ പരന്ദൂരിലെ നിർദിഷ്ട സ്ഥലത്തെയാണ് എതിർക്കുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ഗ്രാമങ്ങൾ ഒഴിപ്പിക്കേണ്ടിവരുന്നതും കൃഷിഭൂമിക്കും പരിസ്ഥിതിക്കും ഉണ്ടാകാവുന്ന ആഘാതവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശങ്കകൾ.
2026 ജൂൺ 19ന് ഊർജ, വിഭവ, നിയമ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പരന്ദൂർ സൈറ്റ് ഉപയോഗിച്ച് വിമാനത്താവള പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പകരം മറ്റൊരു സ്ഥലം കണ്ടെത്താനാണ് സർക്കാർ തീരുമാനം. എന്നാൽ പദ്ധതി ഔദ്യോഗികമായി റദ്ദാക്കുന്ന സർക്കാർ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.