രാജ്യത്തെ 414 പുരാതന സ്മാരകങ്ങളിൽ കയ്യേറ്റം; നടപടി സ്വീകരിച്ചതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിച്ച പുരാതന സ്മാരകങ്ങളിലും പുരാവസ്തു കേന്ദ്രങ്ങളിലും കൈയേറ്റം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര സർക്കാർ. 3,688 കേന്ദ്രങ്ങളിൽ 414 എണ്ണത്തിൽ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് രാജ്യസഭയിൽ അറിയിച്ചു. 1958ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളും അവശിഷ്ടങ്ങളും സംബന്ധിച്ച നിയമം പ്രകാരം ഒരു സ്മാരകം സംരക്ഷിക്കുന്നതിന് അത് സ്ഥിതി ചെയ്യുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നോ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിന് ഉണ്ടായിരിക്കണമെന്നോ നിർബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്മാരകങ്ങളിൽ കൈയേറ്റമോ മറ്റ് അനധികൃത പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിയമവ്യവസ്ഥകൾ പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ പുരാവസ്തു സർവേ വകുപ്പിന് അധികാരമുണ്ട്. സംരക്ഷിത സ്മാരകങ്ങളുടെയും പുരാവസ്തു കേന്ദ്രങ്ങളുടെയും അതിർത്തി കൃത്യമായി നിർണയിക്കുന്നതിനായി പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത സർവേ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

സംരക്ഷിത സ്മാരകങ്ങളുടെയും പുരാവസ്തു കേന്ദ്രങ്ങളുടെയും അതിർത്തി നിർണയിക്കുന്നതിനുള്ള സർവേ, ജിയോ-റഫറൻസിങ്, ഡിജിറ്റൈസേഷൻ നടപടികൾ എ.എസ്.ഐ പൂർത്തിയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭുവന പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായിടത്ത് സംസ്ഥാന സർക്കാരുകളുടെയും റവന്യൂ അധികൃതരുടെയും സഹകരണത്തോടെ ഈ വിവരങ്ങൾ സംസ്ഥാന ഭൂമി രേഖകളുമായി ഏകീകരിക്കുന്ന നടപടികളും സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Tags:    
News Summary - 414 Ancient Monuments Encroached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.