രാഹുൽ ഗാന്ധി

സമയം പാഴാക്കി; രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ അപകീർത്തികേസിൽ കക്ഷി ചേരാനെത്തിയ ഗവേഷകന് 20,000 രൂപ പിഴയിട്ട് കോടതി

പുണെ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ അപകീർത്തിക്കേസിൽ കക്ഷിചേരണമെന്ന ഗവേഷകന്റെ ഹരജി പുണെ കോടതി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹരജിക്കാരനായ ഗവേഷകൻ പങ്കജ് കെ. ഫഡ്നിസിന് 20,000 രൂപ പിഴയും വിധിച്ചു. പുണെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് അമോൽ ശ്രീറാം ഷിൻഡെയുടെതാണ് ഉത്തരവ്.

വിനായക് ദാമോദർ സവർക്കറുടെ ബന്ധുവോ കുടുംബാംഗമോ അല്ലാത്ത ഒരാൾക്ക് കേസിൽ ഇടപെടാൻ നിയമപരമായ അവകാശമില്ലെന്ന്കോ ടതി വ്യക്തമാക്കി. സിആർപിസി സെക്ഷൻ 199 പ്രകാരം പരാതിക്കാരന്റെ സ്ഥാനത്ത് സ്വയം അവരോധിക്കാനോ, വികാരം വ്രണപ്പെട്ടുവെന്ന് കാണിച്ച് കേസിൽ ഇടപെടാനോ ഹരജിക്കാരന് സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. പിഴത്തുക പുണെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് നിർദേശം.

2023 മാർച്ചിൽ യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ സവർക്കറുടെ സഹോദരപൗത്രൻ സത്യകി സവർക്കറാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. സവർക്കറെക്കുറിച്ച് 25 വർഷത്തിലേറെയായി ഗവേഷണം നടത്തുന്നുണ്ടെന്നും മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചരിത്രരേഖകൾ ഹാജരാക്കാൻ കക്ഷിചേർക്കണമെന്ന് ഫഡ്നിസ് ആവശ്യപ്പെട്ടത്.

എന്നാൽ ഈ നീക്കത്തെ പരാതിക്കാരനായ സത്യകി സവർക്കറും പ്രതിയായ രാഹുൽ ഗാന്ധിയും ഒരുപോലെ കോടതിയിൽ എതിർത്തു. സ്വകാര്യ ക്രിമിനൽ പരാതികളിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ നിയമത്തിൽ വകുപ്പില്ലെന്നും പുസ്തകങ്ങളുടെ പ്രചാരണത്തിനും വിചാരണ വൈകിപ്പിക്കാനുമാണ് ഹരജിക്കാരൻ ശ്രമിക്കുന്നതെന്നും സത്യകിയുടെ അഭിഭാഷകൻ വാദിച്ചു. മൂന്നാം കക്ഷിയുടെ ഇടപെടൽ ന്യായമായ വിചാരണയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ മൗലികാവകാശത്തെ ബാധിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

Tags:    
News Summary - Savarkar Case: Pune Court Rejects Plea Against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.