ന്യൂഡൽഹി: പൊലീസ് പദാവലിയിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഉർദു, പേർഷ്യൻ പദങ്ങൾക്ക് പകരം ഹിന്ദി പദപ്രയോഗങ്ങൾ ഉപയോഗിക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. രേഖകൾ, കത്തുകൾ, റിപ്പോർട്ടുകൾ, നോട്ടീസ് ബോർഡുകൾ, മറ്റു ആശയവിനിമയങ്ങൾ എന്നിവയിൽ നിലവിൽ ഉപയോഗിക്കുന്ന ഉർദു, പേർഷ്യൻ പദങ്ങൾക്ക് ഹിന്ദി തത്തുല്യ പദങ്ങൾ ഉപയോഗിക്കാനുള്ള കരട് തയാറാക്കാൻ ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ജവഹർ സിങ് കത്ത് നൽകി.
രാജസ്ഥാൻ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനമാണെന്നും അതിനാൽ പൊലീസ് നടപടികളിൽ പേർഷ്യൻ, ഉർദു എന്നിവക്ക് പകരം ഹിന്ദി പദങ്ങൾ ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്ത് മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന നിരവധി വിദ്യാർഥികൾ മൂന്നാം ഭാഷയായി ഉർദു പഠിക്കുന്നില്ലെന്നും പൊലീസ് സേനയിൽ ചേരുമ്പോൾ ഉർദു, പേർഷ്യൻ പദാവലികൾ അവർക്ക് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുമാണ് മാറ്റത്തിന് കാരണമായി പറയുന്നത്.
ഉർദു, പേർഷ്യൻ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുന്നു അല്ലെങ്കിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു, ഇത് നീതി വൈകുന്നതിന് കാരണമാകും. ഹിന്ദി ഉപയോഗിക്കുന്നത് പൗരന്മാർക്ക് നിയമപരമായ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും പൊലീസും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.