ഹൈദരാബാദ്: രാജ്യത്തെ മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയ ഹിന്ദുത്വ നേതാവ് രാജാ സിങ് എം.എൽ.എ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. പാർട്ടി വിട്ടെങ്കിലും തീവ്ര ഹിന്ദുത്വ പ്രത്യയ ശാസ്ത്രമായ ഹിന്ദുത്വത്തെ സേവിക്കുന്നത് തുടരുമെന്ന് രാജാ സിങ് പ്രഖ്യാപിച്ചു. ഗോഷമഹലിൽ നിന്നുള്ള എം.എൽ.എയാണ് രാജാ സിങ്. സ്ഥാനമോ അധികാരമോ വ്യക്തിപരമായ നേട്ടമോ ആഗ്രഹിച്ചല്ല തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുക എന്ന ദശലക്ഷക്കണക്കിന് പ്രവർത്തകരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ തനിക്ക് സാധിച്ചില്ലെന്നും രാജാ സിങ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ രാജാ സിങ് നടപടിയും നേരിട്ടിരുന്നു.
സംസ്ഥാന നേതൃമാറ്റത്തിന് ശേഷം ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജാ സിങ് രാജിവെച്ചിരുന്നു.
രാംചന്ദർ റാവുവിനെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായി നിയമിച്ചതിനുശേഷമാണ് രാജാ സിങ് പാർട്ടിയുമായി ഉടക്കിയത്. അപ്പോൾ തന്നെ രാജി സന്നദ്ധതയും അറിയിച്ചു. എന്നാൽ രാജാ സിങ് ഉന്നയിച്ച കാര്യങ്ങൾക്ക് യാതൊരു പ്രസക്തിയും നൽകാതിരുന്ന ബി.ജെ.പി ദേശീയ നേതൃത്വം രാജി സ്വീകരിക്കുകയായിരുന്നു. രാജിയോടെ ഇദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
നിലവിൽ അമർനാഥ് യാത്രയിലാണ് ഇദ്ദേഹം. രാജാസിങ്ങിന് മഹാരാഷ്ട്രയിൽ വലിയ ആരാധകക്കൂട്ടമുണ്ടെന്നും അദ്ദേഹം മഹാരാഷ്ട്രയിൽ നിന്ന് എം.പിയാകുമെന്നുമാണ് അനുയായികളിലൊരാൾ പ്രതികരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ എം.പിയാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. അതിനാൽ, രാജാ സിങ് മഹാരാഷ്ട്രയിലെ ഒരു പാർട്ടിയിൽ ചേർന്ന് പാർലമെന്റ് സീറ്റിൽ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന കാര്യവും അനുയായികൾ തള്ളിയില്ല.
ഇനിയതല്ല, രാജാ സിങ് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. അങ്ങനെ വന്നാൽ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയുണ്ട്.
രാജാ സിങ് യുവാക്കളെ ആകർഷിക്കാനായി മുമ്പ് ശ്രീറാം യുവ സേന എന്ന പേരിലുള്ള ഒരു പ്രാദേശിക സംഘടന രൂപവത്കരിച്ചിരുന്നു. എന്നാൽ ഇത് കടലാസിലൊതുങ്ങിപ്പോയി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയുമായി ചേർന്നായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 2009 മുതൽ 2013 വരെ തെലുങ്കു ദേശം പാർട്ടിയുമായി സഹകരിച്ചു.അതിനു മുമ്പ് ആർ.എസ്.എസിലും ബജ്റംഗ് ദളിലും പ്രവർത്തിച്ചിരുന്നു. 2014 മുതൽ ബി.ജെ.പിയുടെ ഭാഗമായി. തുടർച്ചയായി രണ്ടുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2018ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 100ലേറെ മണ്ഡലങ്ങളിൽ കെട്ടിവെച്ച പണം നഷ്ടപ്പെട്ടപ്പോൾ രാജാ സിങ് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.