ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിന് നവീന ആശയവുമായി റെയില്‍വേ രംഗത്ത്. നാടെങ്ങും റോഡ്ഷോകള്‍ സംഘടിപ്പിച്ച് നിക്ഷേപകരെയും നിര്‍മാണ കമ്പനികളെയും ആകര്‍ഷിക്കാനുള്ള പദ്ധതിക്കാണ് റെയില്‍വേ തുടക്കംകുറിച്ചിട്ടുള്ളത്. സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഡിസംബറില്‍ ലേലം നടക്കുന്നതിന് മുന്നോടിയായി പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ക്ക് പ്രയോജനപ്രദമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്നതിന് സുഗമമായ വഴിയൊരുക്കുക, ഏറ്റവും മികവുറ്റ സംവിധാനങ്ങള്‍ റെയില്‍വേയില്‍ ഏര്‍പ്പെടുത്തുക എന്നിവ നിക്ഷേപകരിലൂടെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.
വിദേശത്തുനിന്നുള്ള നിക്ഷേപകരെയും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. അതാത് നഗരങ്ങളിലെ സാംസ്കാരികത്തനിമയും പൈതൃകവും പ്രതിഫലിപ്പിക്കുന്നതരത്തില്‍ നഗരകേന്ദ്രങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
റോഡ്ഷോ പ്രചാരണത്തിന് വ്യാഴാഴ്ച ഡല്‍ഹിയില്‍ തുടക്കമായി. നിക്ഷേപകരുമായി നല്ല ബന്ധം തുടരുന്ന റെയില്‍വേ, വിജയകരമായി നവീകരണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയുള്ള നല്ല അന്തരീക്ഷം ഒരുക്കിക്കൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് വരാനും പോകാനുമായി പ്രത്യേക കൗണ്ടറുകള്‍, സുഗമമായ യാത്രക്കുള്ള അപ്രോച്ച് റോഡുകള്‍, റെയില്‍വേ സ്റ്റേഷനുമായി മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഏകീകൃത സംവിധാനം എന്നിവ ഒരുക്കുന്നതിനും ഒപ്പം കാറ്ററിങ്, റീട്ടെയില്‍ ഷോപ്സ്, ക്ളോക്ക് റൂം, കുടിവെള്ളം, ശൗചാലയം, എ.ടി.എം എന്നിവ സ്റ്റേഷനില്‍ സജ്ജീകരിക്കുന്നതിനും ലോകനിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് റെയില്‍വേ പദ്ധതി. ചരക്കുനീക്കവും പാര്‍സല്‍ സേവനവും പ്ളാറ്റ്ഫോമില്‍നിന്ന് നീക്കും. ഒപ്പം സൗകര്യപ്രദമായ പാര്‍ക്കിങ് ഏരിയ സ്റ്റേഷന് പുറത്ത് ക്രമീകരിക്കുന്നതുള്‍പ്പെടെയാണ് വികസനപ്രവര്‍ത്തനം കൊണ്ട് റെയില്‍വേ ഉദ്ദേശിക്കുന്നത്. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം വളരെ ഇടുങ്ങിയ സൗകര്യങ്ങള്‍ മാത്രമാണിപ്പോഴുള്ളത്.
കൂടാതെ സ്റ്റേഷന് ചുറ്റും വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാനംപിടിച്ചതും തിരക്ക് വര്‍ധിക്കാനിടയായിട്ടുണ്ട്. ഇതൊക്കെ തിരിച്ചറിഞ്ഞതിന്‍െറ പശ്ചാത്തലത്തിലാണ് മികച്ച നിലവാരത്തോടും സൗകര്യങ്ങളോടും കൂടിയുള്ള വികസനം ലക്ഷ്യംവെക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

Tags:    
News Summary - railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.