വൈറലായി രാഹുലിന്റെ സംവാദത്തിലെ ചോദ്യോത്തരം

ലണ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലണ്ടൻ പര്യടനത്തിനിടയിലെ അവസാന സംവാദത്തിലെ ചോദ്യവും മറുപടിയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി. ലണ്ടനിലെ കമ്പനി സി.ഇ.ഒയായ മാലിനി മെഹ്റയാണ് ചത്തം ഹൗസ് സംവാദത്തിനിടെ രാഹുലിനോട് ചോദ്യമുയർത്തിയത്.

ആർ.എസ്.എസുകാരനായ തന്റെ പിതാവ് ഇന്ത്യയെ അംഗീകരിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ അവസ്ഥയിൽ അതിദുഃഖമുണ്ടെന്നും മാലിനി പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ വീണ്ടും ശക്തിപ്പെടുത്താൻ എന്തുചെയ്യാനാകുമെന്നും മാലിനി മെഹ്റ ചോദിച്ചു. ആർ.എസ്.എസുകാരനായ പിതാവ് ഇന്ത്യയെ അംഗീകരിച്ചിരുന്നില്ലെന്ന പ്രധാന കാര്യമാണ് മാലിനി ഉന്നയിച്ചതെന്ന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. ഇന്ത്യയുടെ മൂല്യങ്ങളെക്കുറിച്ച് പറയുന്നതിലൂടെ ഇന്ത്യ ആ മൂല്യങ്ങളിലേക്ക് മടങ്ങണമെന്ന് താങ്കൾ വ്യക്തമാക്കുകയാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ലണ്ടൻ മേയറുടെ സുസ്ഥിര വികസന കമീഷണറായ മാലിനിയുടെ പരാമർശങ്ങൾക്കെതിരെയും അനുകൂലമായും സമൂഹ മാധ്യമങ്ങളിൽ പ്രതികരണം നിറഞ്ഞിരുന്നു.

അതിനിടെ, പത്തു ദിവസത്തെ ലണ്ടൻ പര്യടനത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് രാഹുൽ നടത്തിയത്. മൗലികവാദവും ഫാഷിസവും ഉയർത്തിപ്പിടിക്കുന്ന ആർ.എസ്.എസ് ഈജിപ്തിലെ മുസ്‍ലിം ബ്രദർഹുഡിന് തുല്യമാണെന്ന് രാഹുൽ പറഞ്ഞു. മുസ്‍ലിം ബ്രദർഹുഡിന്റെ മാതൃകയിലുള്ള രഹസ്യസമൂഹമാണ് ആർ.എസ്.എസ് എന്നും രാഹുൽ അഭിപ്രായപ്പെട്ടു.

രാജ്യത്തെ സ്ഥാപനങ്ങളെല്ലാം ആർ.എസ്.എസ് കൈയടക്കുകയാണ്. അധികാരത്തിൽ വരാൻ ജനാധിപത്യത്തെ ഉപയോഗിക്കുകയും പിന്നീട് ജനാധിപത്യത്തെ തകിടംമറിക്കുകയുമാണ് അവർ. അനന്തകാലത്തോളം ഭരിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. തൊഴിലില്ലായ്മയാണ് രാജ്യത്തെ യഥാർഥ പ്രശ്നം. ഇന്ത്യയുടെ 2000 കിലോമീറ്റർ സ്ഥലം ചൈന കൈയടക്കിയിട്ടും ഒരിഞ്ചു സ്ഥലം പോയിട്ടില്ലെന്നാണ് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി മോദി പറഞ്ഞത്. എന്ത് സന്ദേശമാണ് ഇത് ചൈനക്കാർക്ക് നൽകുന്നതെന്നും രാഹുൽ ചോദിച്ചു.

Tags:    
News Summary - Rahul's debate Q&A goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.