ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: സംസ്ഥാന റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ഝാർഖണ്ഡിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഗസ്റ്റ് 14ന് അയച്ച കത്തിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച രാഹുൽ ഗാന്ധി അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പ്രതിഷേധം സമാധാനപരമാണെന്നും വ്യക്തമാക്കി.
തിങ്കളാഴ്ച പുറത്തുവന്ന കത്തിൽ ചില വിദ്യാർഥികൾ ഇപ്പോഴും അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്നും അവരുടെ ശേഷിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം ജനാധിപത്യത്തിന്റെ പ്രധാന തൂണുകളിലൊന്നാണെന്ന് കോൺഗ്രസ് വിശ്വസിക്കുന്നതായി രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാഭ്യാസ മേഖലയിലെ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പാർട്ടി പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്വാധീനത്തിൽ വിദ്യാർഥികളെ ചൂഷണം ചെയ്യുന്നതിനും അടിച്ചമർത്തുന്നതിനുമുള്ള ഉപാധിയായി മാറിയെന്ന വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു. ഒരു ദശാബ്ദം മുമ്പുണ്ടായിരുന്ന ശക്തമായ വിജ്ഞാന സംവിധാനമല്ല ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു.
ഝാർഖണ്ഡിലെ സംസ്ഥാന റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും പ്രതിഷേധം സമാധാനപരമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുമായി ചർച്ച നടത്തുന്നതിനായി മുഖ്യമന്ത്രി രൂപീകരിച്ച സമിതിയിലൂടെ സർക്കാർ ചർച്ച ആരംഭിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
രാജ്യത്തിന്റെ ഭാവി യുവാക്കളിലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും പ്രശ്നത്തിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.