പട്ന: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പട്ന തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. മഹാഗത്ബന്ധൻ പ്രതിഷേധയാത്രയിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ എം.എൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പട്ന ഇൻകം ടാക്സ് ഓഫിസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ രാഹുൽഗാന്ധിയും നേതാക്കളും തുറന്ന വാഹനത്തിലാണ് മാർച്ച് നടത്തിയത്. രാവിലെ പട്നയിൽ വന്നിറങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ പാർട്ടികളുടെ നതേൃത്വത്തിൽ സ്വീകരിച്ചു.
ബിജെപിയുടെ നിർദേശപ്രകാരം ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും ആർ.ജെ.ഡിയും ഹരജി നൽകിയിട്ടുണ്ട്. 2024 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇതേ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയിരുന്നു. അത് ബിഹാറിലും ആവർത്തിക്കാനുള്ള ശ്രമമാണ് എൻ.ഡി.എ നേതൃത്വത്തിൽ നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടനയെ സംരക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ അവർ ഇപ്പോൾ പ്രവർത്തിക്കുന്നത് ബി.ജെ.പിയുടെ നിർദ്ദേശപ്രകാരമാണ്. തെരഞ്ഞെടുപ്പ് കമീഷണർമാരെ നോമിനേറ്റ് ചെയ്തതും ബി.ജെ.പിയാണ്. ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം കവർന്നെടുക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമം അനുവദിക്കില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. മഹാഗത്ബന്ധൻ എന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നതോടെ ബിഹാറിൽ റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെട്ടു.
നഗരവൽകരണം, കുടിയേറ്റം, റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന മരണങ്ങൾ, അനധികൃത കുടിയേറ്റം തുടങ്ങിയ വിവിധ കാരണങ്ങളാൽ വോട്ടർപട്ടികയിൽ പിശകുകൾ സംഭവിക്കാമെന്നും അത് പൂർണമായും ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇത്തരം പരിശോധനകൾ നടത്തുന്നതും എന്നാണ് ഔദ്യോഗിക ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.