ഹരിയാന സെക്രട്ടേറിയറ്റ്
ചണ്ഡീഗഢ്: പട്ടികജാതി (എസ്.സി), പട്ടികവർഗ (എസ്.ടി) വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ആശയവിനിമയങ്ങളിൽ ‘ഹരിജൻ’, ‘ഗിരിജൻ’ പദങ്ങൾ നിരോധിച്ച് ഹരിയാന. ഈ പദങ്ങൽ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കാൻ ഹരിയാന സർക്കാർ എല്ലാ വകുപ്പുകളോടും, പൊതു, വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മറ്റും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിര്‍ദേശം ഹരിയാന ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൊവ്വാഴ്ച ഒരു കത്ത് പുറത്തിറക്കി.
എല്ലാ ഔദ്യോഗിക കാര്യങ്ങളിലും കത്തിടപാടുകളിലും ഹരിജൻ, ഗിരിജൻ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കാൻ സംസ്ഥാനത്തെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ബോർഡുകൾ, കോർപറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഡിവിഷനൽ കമീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, സബ്-ഡിവിഷനൽ ഓഫീസർമാർ (സിവിൽ), സർവകലാശാലകളുടെ രജിസ്ട്രാർമാർ എന്നിവർക്ക് ഹരിയാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട് - ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മഹാത്മാഗാന്ധി പട്ടികജാതി വിഭാഗത്തെ ‘ദൈവജനം’ എന്നർത്ഥം വരുന്ന ‘ഹരിജനുകൾ’ എന്നാണ് വിളിച്ചിരുന്നത്. എന്നിരുന്നാലും, ബി.ആർ. അംബേദ്കർ ‘ഹരിജനങ്ങൾ’ എന്ന പദം ഉപയോഗിക്കുന്നതിനെ എതിർത്തു, അവരെ ദലിതർ എന്ന് വിളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഇന്ത്യൻ ഭരണഘടന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഈ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കത്തിൽ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഔദ്യോഗിക ഇടപാടുകളിൽ ഈ പദപ്രയോഗങ്ങൾ നിർത്തലാക്കണമെന്ന് വ്യക്തമായി നിർദേശിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിർദേശവും സംസ്ഥാന സർക്കാർ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.