ലഖ്നോ: 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ്. കാലങ്ങളായി അമേത്തിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമാണം ബി.ജെ.പി വിശ്വാസത്തേക്കാൾ വലിയ സംഭവമാക്കി ചിത്രീകരിക്കുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കും. അമേത്തിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഇക്കുറി അമേത്തിയിൽ നിന്ന് തന്നെ മത്സരിക്കും" - അജയ് റായ് പറഞ്ഞു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ സമൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
രാമക്ഷേത്ര നിർമാണം ബി.ജെ.പി വിശ്വാസത്തേക്കാൾ ഉപരി വലിയ സംഭവമാക്കി ചിത്രീകരിക്കുകയാണ്. രാമക്ഷേത്ര നിർമാണം ജനങ്ങളുടെ വിശ്വാസമാണ്. അത് ഒരു വലിയ സംഭവമാക്കി ചിത്രീകരിക്കേണ്ട ആവശ്യമില്ല. വിശ്വാസമുണ്ടെങ്കിൽ ഒരു ചെറിയ വിളക്ക് കത്തിക്കുന്നത് പോലും മതിയാകും. എന്നാൽ ബി.ജെ.പി ക്ഷേത്ര നിർമാണത്തെ വലിയ സംഭവമാക്കി മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അജയ് റായ് കൂട്ടിച്ചേർത്തു.
"ബി.ജെ.പി ഹലാലിനെക്കുറിച്ചും മദ്രസകളെ കുറിച്ചും സംസാരിക്കുന്നുണ്ട്. എന്നാൽ തൊഴിലില്ലായ്മയെക്കുറിച്ചോ ഗ്യാസ് വില വർധനയെക്കിറിച്ചോ, പണപ്പെരുപ്പത്തെ കുറിച്ചോ സംസാരിക്കില്ല. ഹലാൽ നിരോധനം പോലുള്ള വിഷയങ്ങൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ശ്രമം മാത്രമാണ്" - റായ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഹലാൽ ഉത്പന്നങ്ങളുടെ നിരോധനത്തിന് പിന്നാലെ യു.പി ഭക്ഷ്യസുരക്ഷ വകുപ്പ് മാളുകളിൽ റെയ്ഡ് നടത്തിയിരുന്നു. യു.പിയിലെ സഹാറ മാളിലാണ് സംഘം റെയ്ഡ് നടത്തിയത്. മാംസം, ഡ്രൈ ഫ്രൂട്സ്, പാനീയങ്ങൾ തുടങ്ങിയ ഹലാൽ ടാഗ് പതിപ്പിച്ച ഉത്പന്നങ്ങളെ സംഘം പരിശോധിച്ചു. പരിശോധനക്ക് പിന്നാലെ എട്ട് കമ്പനികൾക്കെതിരെയാണ് ഭക്ഷ സുരക്ഷ വകുപ്പ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.