‘മോദി’ പരാമർശം നടത്തിയ കോലാറിൽനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി തുടക്കമിടുന്നത് കോലാറിൽനിന്ന്. രാഹുലിന്‍റെ ലോക്സഭാ അംഗത്വം റദ്ദാക്കുന്നതിലേക്ക് നയിച്ച മാനനഷ്ട കേസിന് ആധാരമായ മോദി പരാമർശം നടത്തിയത് കോലാറിലായിരുന്നു.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്‍റെ മോദി പരാമർശം. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുൽ പറഞ്ഞത്. കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ ലോക്സഭ അംഗത്വം റദ്ദാക്കിയത്.

രാഹുൽ ഗാന്ധി കോലാറിലെത്തി സത്യമേവ ജയതേ റാലി ആരംഭിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ഇവിടെ നിന്ന് തെരഞ്ഞെടുപ്പ് യാത്ര തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഇവിടെ വെച്ചാണ് രാഹുൽ ആ പ്രസ്താവന നടത്തിയത്. ഇവിടെ വെച്ചുതന്നെ അദ്ദേഹം പ്രചാരണം ആരംഭിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

ഏപ്രിൽ അഞ്ചിനായിരിക്കും രാഹുലിന്‍റെ റാലിയെന്നാണ് വിവരം. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 13ന് നടക്കും. നിലവിൽ 224 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 119 എം.എൽ.എമാരുണ്ട്. കോൺഗ്രസിന് 75ഉം ജെ.ഡി(എസിന്) 28ഉം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് 124ഉം ജെ.ഡി (എസ്) 93ഉം സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Rahul Gandhi To Start Karnataka Campaign From Site Of 2019 Remark On PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.