പെഗാസസ് രാഹുലിനെ ലക്ഷ്യമിട്ടത് 2019 തെരഞ്ഞെടുപ്പ് കാലത്ത്; ഒപ്പം അഞ്ച് സുഹൃത്തുക്കളും രണ്ട് അനുയായികളും ചോർത്തൽ പട്ടികയിൽ

കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കി പെഗാസസ് പ്രൊജക്ട് റിപ്പോർട്ട് പുറത്തുവരുമ്പോൾ ഏറ്റവും ശ്രദ്ധേയമാകുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചാരപ്പണിക്ക് വിധേയനായെന്ന വിവരമാണ്. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ഒമ്പത് പേരുടെ ഫോണുകളാണ് ചാരപ്പണി നടന്നവയുടെ പട്ടികയിലുള്ളത്. അടുത്ത രണ്ട് അനുയായികളും അഞ്ച് സുഹൃത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ കാലത്ത് 2019ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇദ്ദേഹത്തിന്‍റെ ഫോണുകളിൽ ചാര സോഫ്റ്റ്‌വെയര്‍ പ്രയോഗിച്ചതെന്ന് 'ദ വയർ' പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട രാഹുലിന്‍റെ അഞ്ച് സുഹൃത്തുക്കൾ രാഷ്ട്രീയത്തിലോ പൊതുമേഖലയിലോ ഉള്ളവരല്ല. എന്നിട്ടും, ഇവർ ചാരപ്പണിക്ക് വിധേയമായെന്ന റിപ്പോർട്ടുകൾ നീളുന്നത് രാഹുലിനെ തന്നെ ലക്ഷ്യമിട്ടെന്ന യാഥാർഥ്യത്തിലേക്കാണ്.

ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ ടെക്നിക്കൽ ലാബിലാണ് ചാരപ്പണി നടന്ന ഫോണുകളുടെ ഫൊറൻസിക് പരിശോധന നടന്നത്. എന്നാൽ, 2018 പകുതി മുതൽ 2019 പകുതി വരെ ചോർത്തൽ നടന്ന കാലയളവിൽ ഉപയോഗിച്ച ഫോണല്ല രാഹുൽ നിലവിൽ ഉപയോഗിക്കുന്നത്. അതിനാൽ രാഹുലിന്‍റെ ഫോൺ ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കാനായിട്ടില്ല. അതേസമയം, രാഹുലുമായി ബന്ധപ്പെട്ട ഒമ്പത് നമ്പറുകൾ കൂടി പട്ടികയിലുള്ളത് രാഹുലിനെ പ്രത്യേകം ലക്ഷ്യമിട്ടുവെന്ന് സ്ഥിരീകരിക്കുന്നു.

സംശയകരമായ വാട്സാപ്പ് സന്ദേശങ്ങൾ തനിക്ക് മുമ്പ് ലഭിച്ചിരുന്നുവെന്നാണ് രാഹുൽ ഗാന്ധി 'ദ വയറി'നോട് പറഞ്ഞത്. വാട്സാപ്പിലൂടെയാണ് പെഗാസസ് സോഫ്റ്റ്വെയർ പ്രധാനമായും സ്മാർട്ട് ഫോണുകളിൽ നുഴഞ്ഞുകയറിയത്. ഹാക്കിങ് ഉൾപ്പെടെയുള്ളവ തടയാനായി നമ്പറുകളും മൊബൈൽ ഹാൻഡ്സെറ്റുകളും ഇടക്കിടെ മാറ്റുന്നത് രാഹുൽ ശീലമാക്കിയിരുന്നു.

2019ലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുലിന്‍റെ ഫോൺ ചോർത്തിയെന്ന വസ്തുത തെരഞ്ഞെടുപ്പ് നടപടിയുടെ വിശ്വാസ്യതക്ക് നേരെ കൂടിയാണ് വിരൽചൂണ്ടുന്നത്. നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിയത് രാഹുലിനെയായിരുന്നു.

''എന്നെയോ മറ്റ് രാഷ്ട്രീയ നേതാക്കളേയോ ഏതെങ്കിലും പൗരനെയോ ചാരവൃത്തിയിലൂടെ നിരീക്ഷിക്കുന്നത് അനധികൃതവും നിന്ദ്യവുമാണ്. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ സ്വകാര്യതക്കെതിരായ വൻതോതിലുള്ള ആക്രമണമാണ് നടന്നത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടതുണ്ട്'' -രാഹുൽ ഗാന്ധി പ്രതികരിച്ചു.

അലങ്കാർ സവായ്, സച്ചിൻ റാവു എന്നീ രണ്ട് അനുയായികളെയും രാഹുലിനൊപ്പം നിരീക്ഷിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗമായ സച്ചിൻ റാവുവിന് പ്രവർത്തകർക്ക് പരിശീലനം നൽകാനുള്ള ചുമതലയാണ് ഇപ്പോളുള്ളത്. രാഹുലിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ് അലങ്കാർ സവായ്. സവായുടെ ഫോൺ 2019ൽ മോഷണം പോയിരുന്നു. അതിനാൽ ഫൊറൻസിക് പരിശോധനക്ക് ലഭ്യമല്ല. റാവുവിന്‍റെ ഫോൺ കേടായി നശിച്ചതിനാൽ ഇപ്പോൾ ഓൺ ചെയ്യാനാവാത്ത സ്ഥിതിയിലാണ്.

ചോർത്തൽ പട്ടികയിൽ പേരുള്ള രാഹുലിന്‍റെ അഞ്ച് സുഹൃത്തുക്കളിൽ മൂന്ന് പേർ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയാറായത്. രണ്ട് പേർ സ്വകാര്യത മുൻനിർത്തി പ്രതികരിച്ചിട്ടില്ല. മൂന്നിൽ രണ്ടുപേരും 2019 കാലത്ത് ഉപയോഗിച്ച ഫോൺ ഇപ്പോൾ ഉപയോഗിക്കുന്നില്ല. മൂന്നാമത്തെ വ്യക്തിയാണെങ്കിൽ ഫൊറൻസിക് പരിശോധനക്ക് ഫോൺ നൽകുന്നതിനേക്കാൾ ഫോൺ മാറ്റാനുള്ള തീരുമാനത്തിലാണുള്ളത്. ഇവരുമായി ബന്ധപ്പെട്ട 'ദ വയർ' സ്വകാര്യത മുൻനിർത്തി വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Tags:    
News Summary - Rahul Gandhi Selected as Potential Spyware Target in Run Up to 2019 Polls and After

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.