‘പ്രധാനമന്ത്രിക്കെതിരെ പോലും കേസെടുക്കാൻ കഴിയും, പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് മാത്രം ഈ പരിരക്ഷ?’; കേന്ദ്ര സർക്കാറിനെതിരെ അസദുദ്ദീൻ ഉവൈസി
ലഖ്നോ: തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനം നിയന്ത്രിക്കുന്ന പുതിയ നിയമം പിൻവലിക്കണമെന്നും അവർക്ക് നിയമപരമായ പരിരക്ഷ നൽകുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുമെന്നും ഉവൈസി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷനിലുള്ള പൊതുജനവിശ്വാസം തകരുമെന്ന തങ്ങളുടെ മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച സമയത്ത് മുൻ എം.പി ഇംതിയാസ് ജലീലിനൊപ്പം താൻ ഇതുമായി ബന്ധപ്പെട്ട് ആശങ്കകൾ അറിയിച്ചിരുന്നെന്നും ഹൈദരാബാദ് എം.പി കൂടിയായ ഉവൈസി വ്യക്തമാക്കി. “ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ, അത് നിയമമാകുന്നതിന് മുമ്പുതന്നെ, തെരഞ്ഞെടുപ്പ് കമീഷനിലുള്ള ഇന്ത്യൻ ജനതയുടെ വിശ്വാസ്യത തകരുന്നതിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായോ തെരഞ്ഞെടുപ്പ് കമ്മീഷണറായോ ചുമതലയേൽക്കുന്നവർക്ക് വിരമിച്ച ശേഷവും നിയമപരമായ പരിരക്ഷ നൽകുന്ന വ്യവസ്ഥ സർക്കാർ ഉൾപ്പെടുത്തി. ഇത് എങ്ങനെ സാധിക്കും? ഒരു പ്രധാനമന്ത്രിക്കെതിരെ പോലും കേസെടുക്കാൻ കഴിയും. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ ജെയിൻ ഹവാല ഡയറിക്കേസിൽ കോടതിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. എൽ.കെ. അദ്വാനി ബാബരി മസ്ജിദ് കേസിലും കോടതിയിൽ ഹാജരായിരുന്നു. പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് മാത്രം നിയമപരമായ പരിരക്ഷ നൽകുന്നത്?” -ഉവൈസി വാർത്ത ഏജൻസി എ.എൻ.ഐയോട് പറഞ്ഞു.
പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നത്. ഈ സമിതി ഭരണകക്ഷിക്ക് അനുകൂലമായാണ് പ്രവർത്തിക്കുകയെന്നും ഉവൈസി വിമർശിച്ചു. “നിങ്ങൾ എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്നത്? പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി എന്നിവരാണ് സമിതിയിലുള്ളത്. സ്വാഭാവികമായും അവർ സ്വന്തക്കാരെ തന്നെ നിയമിക്കും. നിർഭാഗ്യവശാൽ, ഞങ്ങൾ പ്രകടിപ്പിച്ച ആശങ്ക ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്,” -ഉവൈസി കൂട്ടിച്ചേർത്തു. നിയമത്തിൽ കാര്യമായ പരിഷ്‌കാരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട ഉവൈസി, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിനുള്ള സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്നും വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള എസ്.ഐ.ആർ നടപടി നർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്ത് അടിസ്ഥാനത്തിലാണ് ഈ എസ്.ഐ.ആർ നടത്തുന്നത്? പത്ത് കോടി ആളുകളെയാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കിയത്. ഫോം 6 സമർപ്പിക്കുമ്പോൾ പോലും മാപ്പിങ് ആവശ്യപ്പെടുന്നു. അത് എങ്ങനെ സാധിക്കും? അതിന് നിയമത്തിൽ വ്യവസ്ഥയില്ല. എസ്.ഐ.ആർ നിർത്തിവെക്കുകയും നിയമം പിൻവലിക്കുകയും വേണം. പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെയും ഉവൈസി പിന്തുണച്ചു. പ്രതിഷേധിക്കുക എന്നത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ജനങ്ങൾ പ്രതിഷേധിക്കും, പ്രതിഷേധിക്കുകയും വേണം. നിങ്ങൾ ഡൽഹി അടച്ചുപൂട്ടിയാൽ ജനങ്ങളുടെ മനസ്സുകളെ അടച്ചുപൂട്ടാൻ കഴിയുമോ? കഴിയില്ല. തെറ്റായ രീതിയിലാണ് പ്രതിഷേധത്തെ കൈകാര്യം ചെയ്തിരിക്കുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി.
അതേസമയം, ഇൻഡ്യ സഖ്യത്തിന്‍റെ പ്രതിഷേധ പരിപാടികളിൽ ഉവൈസി പങ്കെടുക്കുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സുപ്രീംകോടതിയിലേക്ക് നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ, അതിൽ തനിക്ക് പങ്കില്ലെന്നാണ് ഉവൈസി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.