ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മറികടക്കാൻ ശക്തമായ പ്രചരണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ വികസനം തന്നെയാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്.
2012 ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പത്രികയില്‍ മോദി നൽകിയ വാഗ്ദാനം നിർധനരായവർക്ക് 50 ലക്ഷം പുതിയ വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു. എന്നാൽ, ഇതുവരെ 4.72 ലക്ഷം വീടുകളാണ് സർക്കാർ പദ്ധതിപ്രകാരം നിർമിച്ചിരിക്കുന്നത്. ‘‘പ്രധാനമന്ത്രി, താങ്കളുടെ വാഗ്ദാനങ്ങൾ പാലിക്കാൻ 45 വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമോയെന്ന് ചോദിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നൽകിയിരുന്ന വാഗ്ദാനങ്ങൾ പോലും പാലിക്കാനായിട്ടില്ലെന്നും രാഹുൽ പരിഹസിച്ചു.
തെരഞ്ഞെടുപ്പിന് ‘ഗുജറാത്ത് ഉത്തരം തേടുന്നു’ എന്ന പുത്തൻ സോഷ്യൽ മീഡിയ പ്രചരണത്തിനാണ് രാഹുൽ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്തിനെ സംബന്ധിച്ച ഒാരോ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഒരോ ദിവസവും കോൺഗ്രസ് ഉന്നയിക്കുന്നതാണ് പുതിയ പ്രചരണതന്ത്രം.
ഡിസംബർ ഒമ്പതിനും 14 നുമാണ് രണ്ടുഘട്ടമായി ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പിയും കോൺഗ്രസും ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്. ഇരു പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.