രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നില്ല; കോൺഗ്രസ് അധ്യക്ഷന് കത്തയച്ച് സി.ആർ.പി.എഫ്

ന്യൂഡല്‍ഹി: വിദേശ യാത്രകളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് സി.ആർ.പി.എഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ആർ.പി.എഫ് വി.വി.ഐ.പി സുരക്ഷ തലവൻ സുനിൽ ജൂൺ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു.

രാഹുൽ സുരക്ഷയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും ആരെയും അറിയിക്കാതെയാണ് വിദേശ യാത്രകൾ നടത്തുന്നതെന്നും കത്തിൽ പറയുന്നു. ഇതോടൊപ്പം ഇറ്റലി (ഡിസംബർ 30 -ജനുവരി ഒമ്പത്), വിയറ്റ്നാം (മാർച്ച് 12-17), ദുബൈ (ഏപ്രിൽ 17-23), ഖത്തർ (ജൂൺ 11-18), ലണ്ടൻ (ജൂൺ 25-ജൂലൈ ആറ്), മലേഷ്യ (സെപ്റ്റംബർ നാല്-എട്ട്) എന്നീ രാജ്യങ്ങളിലെ സന്ദർശനം കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

സി.ആർ.പി.എഫിന്‍റെ യെല്ലോ ബുക്കിൽ പറയുന്ന സുരക്ഷ ചട്ടങ്ങൾ റായ് ബറേലി എം.പി ലംഘിക്കുകയാണെന്നും കത്തിൽ പറയുന്നു. ഇത്തരം വീഴ്ചകള്‍ വി.വി.ഐ.പി സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുമെന്നും രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തിൽ രാഹുലോ, ഖാർഗെയോ കോൺഗ്രസ് പാർട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിക്ക് നിലവില്‍ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണ്‍ (ASL) ഉള്‍പ്പെടെയുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. കാര്യമായ സുരക്ഷാ ഭീഷണിയുള്ള വ്യക്തികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് സെഡ് പ്ലസ് ASL. കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏകദേശം 55 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. രാഹുൽ സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും സി.ആർ.പി.എഫ് കത്തെഴുതിയിരുന്നു. 2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി സി.ആർ.പി.എഫ് അറിയിച്ചിരുന്നു. ഡൽഹിയിലെ ഭാരത് ജോഡോ യാത്രയും ഇതിൽ ഉൾപ്പെടും.

Tags:    
News Summary - Rahul Gandhi Not Following Security Protocol -CRPF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.