ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ കർണാലിലുള്ള വീട്ടിലെത്തിയാണ് രാഹുൽ കുടുംബത്തെ ആശ്വസിപ്പിച്ചത്.
നർവാളടക്കം 26 പേരാണ് പഹൽഗാമിൽ ഭീകരരുടെ വേടിയേറ്റ് കൊല്ലപ്പെട്ടത്. നർവാളിന്‍റെ ഭാര്യ ഹിമാംശിയുടെ സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തുള്ള പരാമർശത്തിൽ അവർക്കെതിരെ വലിയ സൈബർ ആക്രമണം നടക്കുന്നതിനിടെയാണ് രാഹുലിന്‍റെ സന്ദർശനം. പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിംകള്‍ക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹിമാംശി പറഞ്ഞത്. രാഹുൽ ഒന്നര മണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു.
മാധ്യമപ്രവർത്തകരെയും പാർട്ടി പ്രവർത്തകരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പിന്നാലെ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ അനുശോചനം രേഖപ്പെടുത്തി. ദേശീയ ഐക്യത്തിന്‍റെയും ഇരകൾക്ക് നീതി ലഭ്യമാക്കേണ്ടതിന്‍റെയും പ്രധാന്യവും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ‘പഹൽഗാം ആക്രമണത്തിൽ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് വിനയ് നർവാൾ ജിയുടെ കുടുംബത്തെ സന്ദർശിച്ചു, കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അഗാധമായ ദുഃഖത്തിനിടയിലും കുടുംബത്തിന്‍റെ ധൈര്യവും മനോബലവും രാജ്യത്തിനുള്ള ഒരു സന്ദേശമാണ് - നമ്മൾ ഐക്യത്തോടെ നിൽക്കണം’ -രാഹുൽ കുറിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് രാജ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ പ്രതിപക്ഷം സർക്കാറിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഗാന്ധി ആവർത്തിച്ചു. പ്രതിപക്ഷം സർക്കാറിന് പൂർണ പിന്തുണ നൽകുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം -രാഹുൽ പറഞ്ഞു.
ഹരിയാന കോൺഗ്രസ് ചുമതലയുള്ള ബി.കെ. ഹരിപ്രസാദ്, സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ, റോഹ്തക് എം.പി ദീപേന്ദർ ഹൂഡ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. കശ്മീരിൽ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് ഹിമാംശിയുടെ കണ്മുന്നില്‍ ഭര്‍ത്താവ് വെടിയേറ്റ് മരിക്കുന്നത്. നർവാളിന്‍റെ മൃതദേഹത്തിനരികെ സര്‍വവും നഷ്ടപ്പെട്ട് ഇരിക്കുന്ന ഹിമാംശിയുടെ ദൃശ്യം ഓരോ മനുഷ്യരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.