ഓം ബിർലയെ കണ്ട് രാഹുൽ ഗാന്ധി; അപകീർത്തികരമായ പരാമർശം നീക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ലോക്സഭ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തനിക്കെതിരായ അപകീർത്തി പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ​'സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. എനിക്കെതിരായ അപകീർത്തികരമായ പരാമർശം നീക്കം ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത് പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സഭ പ്രവർത്തിക്കണമെന്നാണ് ഞങ്ങളുടെ ഗ്രഹം. സഭയിൽ ചർച്ചകളുണ്ടാകണം

അവർ എന്നെ കുറിച്ച് എന്തു പറഞ്ഞാലും പ്രശ്നമില്ല, ഡിസംബർ 13ന് ഞങ്ങൾ ചർച്ച നടത്തും. അദാനിയെ കുറിച്ചുള്ള ചർച്ചകൾ അവർക്കിഷ്ടമല്ല. എന്തുവന്നാലും ഞങ്ങളത് ഉപേക്ഷിക്കില്ല. അവർ ഞങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കും. എന്നാൽ സഭ പ്രവർത്തിക്കണം.'-രാഹുൽ ഗാന്ധി മാധ്യമ​പ്രവർത്തകരോട് പറഞ്ഞു.

ഡിസംബർ അഞ്ചിന് ബി.ജെ.പി ലോക്‌സഭാ എം.പിമാരായ നിഷികാന്ത് ദുബെയും സംബിത് പത്രയും രാഹുൽ ഗാന്ധിക്ക് ഹംഗേറിയൻ പൗരനായ സോറോസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചത് കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. സഭയിൽ സംസാരിക്കവെ, ദുബെയാണ് ഈ വിഷയം ആദ്യം പുറത്തിട്ടത്. കോൺഗ്രസിന് ഒ.സി.സി.ആർ.പിയുമായി ബന്ധമുണ്ടെന്നും ഭാരത് ​ജോഡോ യാത്രക്ക് രാഹുലിന് പണം നൽകിയത് ജോർജ് സോറോസ് ആണെന്നുമായിരുന്നു ദുബെ ആരോപിച്ചത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ പ്രക്ഷുബ്ധമായ സഭ പിരിയുകയായിരുന്നു.

ദുബെയ്‌ക്കും പത്രക്കുമെതിരായ പ്രത്യേകാവകാശ ലംഘനവുമായി ബന്ധപ്പെട്ട തങ്ങളുടെ നോട്ടീസിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി രാജ്യദ്രോഹിയാണെന്ന പത്രയുടെ ആരോപണത്തിൽ നേരത്തേ സഹോദരിയും എം.പിയുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും രാജ്യദ്രോഹികളെന്ന് വിളിച്ചവരാണ് ഇപ്പോൾ രാഹുലിനെതിരെയും ആരോപണമുന്നയിച്ചിരിക്കുന്നത്. ഇതിലൊരു പുതുമയും തോന്നുന്നില്ല. എന്റെ സഹോദരനെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് രാജ്യത്തേക്കാൾ വലുതല്ല ഒന്നും.-എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.


Tags:    
News Summary - Rahul Gandhi meets Lok Sabha Speaker Om Birla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.