ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കിയിരിക്കുകയാണ്. അപകീർത്തി കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതോടെയാണ് ലോക്സഭ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയത്. ഇതിന് പിന്നാലെ, രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭ സീറ്റിന് ഇനി എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2019ൽ വൻ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ജയിച്ച് കയറിയത്. സി.പി.ഐ നേതാവ് പി.പി സുനീറിനെ 4.4 ലക്ഷം വോട്ടിനായിരുന്നു രാഹുൽ തോൽപിച്ചത്. രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത നോട്ടീസ് തെരഞ്ഞെടുപ്പ് കമീഷനും കൈമാറും. ഇതോടെ വയനാട് ലോക്സഭ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കും.
പിന്നീട് വയനാട് ലോക്സഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾക്കാവും കമീഷൻ തുടക്കം കുറിക്കുക. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാൻ ആറ് മാസത്തിൽ താഴെ മാത്രമേ ബാക്കിയുള്ളുവെങ്കിൽ തെരഞ്ഞെടുപ്പ് ഉണ്ടാവുമായിരുന്നില്ല. എന്നാൽ, 2024 മേയിലാണ് ഇനി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ട് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനാണ് സാധ്യത.
ഏപ്രിലിൽ ഉപതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾക്ക് കമീഷൻ തുടക്കം കുറിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വിധിക്കെതിരെ വലിയ നിയമവഴി രാഹുലിന് മുന്നിലുണ്ട്. അംഗത്വം റദ്ദാക്കിയതിനെതിരെ സെഷൻസ് കോടതിയിലാവും രാഹുൽ അപ്പീൽ സമർപ്പിക്കുക. സെഷൻസ് കോടതി വിധി സ്റ്റേ ചെയ്താൽ വയനാട് മണ്ഡലം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.