രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷക്ക് മുന്നോടിയായി നാഗ്പൂർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷാ കേന്ദ്രമായി അബൂദബി അനുവദിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ദേശീയ പരീക്ഷാ ഏജൻസിയെയും രൂക്ഷമായി വിമർശിച്ച് ലോക്സഭയ പ്രതിപക്ഷ നേതാവ് രാരാഹുൽ ഗാന്ധി. വിദ്യാർഥികളെ മാനസികമായി തകർക്കുന്ന നടപടിയാണ് എൻ.ടി.എ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എക്‌സിലൂടെയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ‘നാഗ്പൂരിലെ ഒരു കുട്ടി നീറ്റ് പുനഃപരീക്ഷക്കായി ഒരു മാസമായി തയാറെടുക്കുകയായിരുന്നു. പരീക്ഷക്ക് തൊട്ടുമുമ്പുള്ള ദിവസം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോൾ കണ്ടത് പരീക്ഷാ കേന്ദ്രം അബൂദബിയാണെന്ന്! ആ കുട്ടിയുടെ പക്കൽ പാസ്‌പോർട്ടില്ല, വിദേശത്തേക്ക് അയക്കാൻ കുടുംബത്തിന് പണമില്ല, സമയം തീരെ കുറവുമാണ്. ആ കുട്ടി രാത്രി മുഴുവൻ കരഞ്ഞു, പരീക്ഷ എഴുതാൻ വിസമ്മതിക്കുകയാണ്. ഇതെന്ത് തരം സമ്മർദമാണെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? രാഹുൽ ഗാന്ധി കുറിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഒരു തലമുറയുടെ പണവും സമയവും കൊള്ളയടിക്കുന്ന ഒന്നായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ‘ഇതൊരു വിദ്യാഭ്യാസ സമ്പ്രദായമല്ല. പണവും സമയവും മാനസിക സമാധാനവും കൊള്ളയടിക്കുന്ന സംവിധാനമാണിത്. നമ്മുടെ കുട്ടികളുടെ ഭാവിയുമായി ചൂതാട്ടം നടത്തുന്നത് നിർത്തൂ. ഉത്തരവാദിത്തവും സുതാര്യതയുമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് കുട്ടികൾ അർഹരാണ്’ രാഹുൽ കൂട്ടിച്ചേർത്തു.
ഒരു വിദ്യാർഥിക്ക് സ്വന്തം നഗരത്തിൽ പരീക്ഷാ കേന്ദ്രം നൽകാൻ കഴിയാത്ത, എന്നാൽ വിദേശത്തേക്ക് അയക്കുന്ന സംവിധാനത്തിന് പരീക്ഷ നടത്താൻ യാതൊരു അവകാശവുമില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. രാജ്യത്തെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ക്ഷമ പരീക്ഷിക്കുകയാണ് എൻ.ടി.എ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദം ശക്തമായതോടെ, വിഷയത്തിൽ എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് വിശദീകരണവുമായി രംഗത്തെത്തി. സാങ്കേതിക പിഴവ് പരിഹരിച്ചതായും വിദ്യാർഥിക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. നേരത്തെ, വിദ്യാർഥിക്ക് നാഗ്പൂരിലെ സരസ്വതി വിദ്യാലയത്തിലായിരുന്നു കേന്ദ്രം അനുവദിച്ചിരുന്നത്. എന്നാൽ പരീക്ഷ റദ്ദാക്കി പുനഃക്രമീകരിച്ചപ്പോൾ, പുതിയ അഡ്മിറ്റ് കാർഡിൽ അബൂദബി ഇന്ത്യൻ സ്‌കൂൾ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.