ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിന്റെ അന്വേഷണം കേരളത്തിലെ അടൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കും നീണ്ടതായി സി.ബി.ഐ കുറ്റപത്രം. ഇവിടത്തെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ രാജസ്ഥാൻ സ്വദേശി ഹിതേഷ് കുമാറിനാണ് പി.ഡി.എഫ് ലഭിച്ചത്. രാജസ്ഥാൻ ജുൻജുനു സ്വദേശിയും സിക്കറിലെ കോച്ചിങ് സെന്ററിലെ മുൻ വിദ്യാർഥിയുമായ ലക്ഷയ് രാജ് എന്ന റൂംമേറ്റിൽ നിന്നാണ് ഹിതേഷിന് ചോദ്യപേപ്പർ ലഭിക്കുന്നത്.
പി.ഡി.എഫുകൾ ചാറ്റ് വഴി അയച്ചുകൊടുത്ത ലക്ഷയ് പിന്നീട് ഈ ചാറ്റുകൾ ഡിലീറ്റ് ചെയ്തതായും സി.ബി.ഐ കണ്ടെത്തി. കോച്ചിങ് സെന്ററിലെ മറ്റൊരു സഹപാഠിയുടെ അനുജന് വേണ്ടിയാണ് ലക്ഷയ് തന്റെ ബന്ധുവഴി അഭിഷേക് എന്നയാളിൽ നിന്ന് ചോദ്യപേപ്പർ സംഘടിപ്പിച്ചത്. ഹിതേഷിനെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. 13 പേർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. അതിൽ ഹിതേഷിന്റെ പേര് ഉൾപ്പെട്ടിട്ടില്ല.
രാജ്യത്ത് 22 ലക്ഷത്തിലധികം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചക്ക് കാരണമായത് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എൻ.ടി.എയുടെ (നാഷനൽ ടെസ്റ്റിങ് ഏജൻസി) ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പ്രതികളുടെ മാസങ്ങൾ നീണ്ട ആസൂത്രണവുമെന്ന് സി.ബി.ഐ കണ്ടെത്തി. ചോദ്യപേപ്പർ തയാറാക്കുന്ന എൻ.ടി.എ വിഷയാധിഷ്ഠിത വിദഗ്ധരും കോച്ചിങ് സെന്റർ ഉടമകളും ഇടനിലക്കാരും ഉദ്യോഗാർഥികളും അടങ്ങുന്ന വലിയ ശൃംഖലതന്നെ ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുണ്ടെന്ന് ഡൽഹി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്തുനിന്ന്, ബയോളജി ചോദ്യപേപ്പർ സമിതി അംഗമായ വിദഗ്ധ മനീഷ മന്ധാരെ, കെമിസ്ട്രി വിദഗ്ധർ പി.വി കുൽക്കർണി, ഫിസിക്സ് വിദഗ്ധ മനീഷ സഞ്ജയ് എന്നിവരാണ് ചോദ്യം ചോർത്തിയത്. ചോദ്യപേപ്പർ തയാറാക്കുന്ന ‘കോൺഫിഡൻഷ്യൽ സെക്ഷനിലേക്ക്’ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും വിഷയവിദഗ്ധരെ പരിശോധിക്കുന്നതിനും മറ്റും സംവിധാനമുണ്ടായിരുന്നില്ല. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കാത്തതാണ് പ്രതികൾക്ക് സൗകര്യമായതെന്നും കുറ്റപത്രം പറയുന്നു.
കുൽക്കർണി കടലാസ് കഷണങ്ങളിൽ കെമിസ്ട്രിയിലെ 135 ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ചുരുക്ക രൂപത്തിൽ എഴുതിയെടുക്കുകയായിരുന്നു. ശേഷം, മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു.
ബോട്ടണി ചോദ്യപേപ്പർ ഇംഗ്ലീഷിൽ നിന്ന് മറാഠിയിലേക്കുള്ള തർജമയും സുവോളജിയുടെ ബാക്ക് ട്രാൻസ് ലേഷനും കൈകാര്യം ചെയ്ത മനീഷ മന്ധാരെ, എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ പ്രസക്തമായ ഭാഗങ്ങൾ അടയാളപ്പെടുത്തുകയായിരുന്നു. പുണെയിലെ വസതിയിൽ ഇവർ പ്രത്യേക കോച്ചിങ് ക്ലാസുകളും നടത്തി. ഫിസിക്സിന്റെ ബാക്ക് ട്രാൻസ് ലേഷനും മൂന്ന് സെറ്റുകളുടെ പ്രൂഫ് റീഡിങ്ങും നടത്തിയ മനീഷ സഞ്ജയ് ചോദ്യങ്ങൾ കുറിച്ചെടുക്കുകയായിരുന്നു.
ചോർത്തിയ ചോദ്യങ്ങൾ കൈമാറാനും ‘പ്രത്യേക കോച്ചിങ്ങി’നുമായി നാല് ലക്ഷം രൂപ മുതൽ വൻ തുക വരെ ഈടാക്കിയിട്ടുണ്ട്. ചോർന്ന ചോദ്യങ്ങളുടെ പി.ഡി.എഫ്, ഇമേജ് ഫയലുകൾ എന്നിവ പ്രതികളുടെ മൊബൈൽ ഫോണുകൾ, പെൻ ഡ്രൈവുകൾ എന്നിവയിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പരീക്ഷക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഇവ ടെലഗ്രാം, വാട്സ്ആപ് എന്നിവ വഴി ഫയലുകൾ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.