രാഹുൽ ഗാന്ധി
ന്യൂഡൽഹി: വിദ്വേഷം ഇന്ധനമാക്കിയ ബുൾഡോസറുകളാണ് ബി.ജെ.പിയുടേതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ രാമനവമി ആഘോഷത്തിനിടയിലെ അക്രമങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ മുസ്ലിംകളുടെ ഭവനങ്ങളും കെട്ടിടങ്ങളും ബുൾഡോസറുകൾ തെരഞ്ഞുപിടിച്ച് ഉപയോഗിച്ച് തകർത്തതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിൽ വിമർശനവുമായി രാഹുൽ രംഗത്തുവന്നത്. അതേ സമയം മുസ്ലിംകൾക്കെതിരെ ഏകപക്ഷീയമായി നടത്തിയ ബുൾഡോസർ ആക്രമണത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ന്യായീകരിച്ചു.
വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്നും ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങൾക്ക് മേലാണ് സർക്കാർ ബുൾഡോസർ കയറ്റേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ വിദ്വേഷവും പരിഭ്രാന്തിയും നിറഞ്ഞതാണ് ബി.ജെ.പിയുടെ ബുൾഡോസറുകളെന്ന് രാഹുൽ കുറ്റപ്പെടുത്തി.
എന്നാൽ അക്രമത്തിലെ പങ്കാളികൾ എന്ന് പൊലീസ് ആരോപിക്കുന്നവർ കുറ്റക്കാരാണെന്ന് കോടതി പറയുന്നതിന് മുമ്പ് കുറ്റവാളികളായി പ്രഖ്യാപിച്ച് തങ്ങൾക്ക് തോന്നിയ ശിക്ഷ നടപ്പാക്കുന്നതിനെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നിരോത്തം മിശ്ര ന്യായീകരിച്ചു.
അക്രമത്തിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയവരുടെ വീടുകളാണ് തകർത്തതെന്നാണ് മിശ്രയുടെ അവകാശവാദം. പ്രാഥമികമായ അന്വേഷണമോ കോടതിയുടെ നിർദേശമോ ഇല്ലാതെ നിയമം കൈയിലെടുക്കുന്ന യു.പിയിലെ രീതി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മധ്യപ്രദേശിലേക്കും വ്യാപിപ്പിച്ചത് വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം. ഖർഗോൻ ജില്ലയിൽ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകളാണ് തകർത്തതെന്ന് മന്ത്രി അവകാശപ്പെട്ടു.
'കുറ്റാരോപിതൻ, കുറ്റവാളി' എന്നൊരു പ്രശ്നം ഈ വിഷയത്തിൽ ഉൽഭവിക്കുന്നില്ലെന്നും ദൃശ്യങ്ങളിലുള്ളവർ കുറ്റാരോപിതർ ആകുന്നത് എങ്ങിനെയാണെന്നും മന്ത്രി ചോദിച്ചു. ദൃശ്യങ്ങളിലും വീഡിയോകളിലും കല്ലെറിയുന്നതായി കാണുന്നവരെയും കുറ്റാരോപിതർ എന്നാണ് പറയുകയെന്ന് മന്ത്രി ചോദിച്ചു. അവർ കുറ്റക്കാരാണെന്ന് പറയുന്നതിന് നിയമ പ്രക്രിയ ഇല്ലേ എന്ന ചോദ്യത്തിന് അവരെ ജയിലിൽ അയക്കുന്നതിനുള്ള പ്രക്രിയ നടക്കുന്നുണ്ടല്ലോ എന്നാണ് മന്ത്രി മറുപടി നൽകിയത്. പ്രതികൾ ജയിലിൽ പോകും അതിക്രമം നടത്തിയവരുടെ വീടുകൾ തകർക്കും.
വീട്ടിലൊരാൾ പ്രതിയെന്ന് കരുതി അയാളുടെ മാതാപിതാക്കളും മകക്കളുമൊക്കെ കഴിയുന്ന വീട് തകർക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ വെടിയേറ്റവരും മാതാപിതാക്കളും മക്കളും ഉണ്ടെന്ന് മന്ത്രി പ്രതികരിച്ചു. കല്ലെറികയുകയും വാളും തോക്കും എടുക്കുകയും ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങൾ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വീട് തകർക്കുന്നത് കുറ്റം തെളിയിച്ച ശേഷമാണ് വീടുകൾ തകർക്കുന്നതെന്ന് ആവർത്തിച്ച മന്ത്രി അന്വേഷണം തുടരുകയാണെന്നും 94 പേരെ ഇതിനകം അറസ്റ്റ് െചയ്തുവെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.